ലൈംഗികാതിക്രമക്കേസുകളിലെ പരാതി നൽകാൻ വൈകിയതിന്റെപേരിൽ പ്രോസിക്യൂഷൻ നടപടികൾ ഉപേക്ഷിക്കാനാകില്ല : ഹൈക്കോടതി





കൊച്ചി: പരമ്പരാഗതമൂല്യങ്ങളാൽ ബന്ധിതമായ സമൂഹത്തിൽ പരാതി നൽകാൻ വൈകിയതിന്റെപേരിൽ ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷൻ നടപടികൾ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ, പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിനാൽ മറ്റു കേസുകളിലുണ്ടാകുന്ന കാലതാമസംപോലെ ഇതിനെ കാണാനാകില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ കൊല്ലം അഡി. സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചതിനെതിരേ പ്രതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. പ്രോസിക്യൂഷൻ കേസിൽ സംശയമോ ദുരൂഹതയോ ഉണ്ടാകുമ്പോഴേ പരാതി വൈകിയെന്നത് പരിഗണനാവിഷയമാകുന്നുള്ളൂവെന്നും സിംഗിൾ ബെഞ്ച് ഓർമപ്പെടുത്തി.


പോക്സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നെങ്കിലും ഈ കുറ്റം വിചാരണക്കോടതി ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. 2015-ൽ ഉൾപ്പെടെ നടന്നെന്നു പറയുന്ന സംഭവങ്ങളിൽ 2016-ലാണ് പെൺകുട്ടി പരാതി നൽകിയതെന്നായിരുന്നു അപ്പീലിലെ പ്രധാനവാദം. എന്നാൽ, പെൺകുട്ടി 2014-ൽത്തന്നെ പരാതി നൽകിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. പ്രതി കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവെക്കുകയും ചെയ്തു. എന്നാൽ, തടവുശിക്ഷ മൂന്നുവർഷമായി വെട്ടിക്കുറച്ചു.

Previous Post Next Post