പത്തനംതിട്ട: റാന്നിയിൽ വീടിനുള്ളിൽ യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി യുവതിയുടെ അമ്മയും സഹോദരനും. ഇത് സംബന്ധിച്ച് ഇരുവരും ചേർന്ന് റാന്നി ഡിവൈഎസ്പിക്ക് പരാതി നൽകി. നേരത്തെ യുവതിയുടെ ഭർതൃഗൃഹത്തിനു സമീപമുള്ള പ്രദേശവാസികൾ, ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍സ (23), മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരെയാണ് കഴിഞ്ഞ ഏപ്രിൽ നാലിന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
നാടിനെ നടുക്കിയ അമ്മയുടെയും മകളുടെയും മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടും അന്വേഷണം നീളുന്നുവെന്നു കാട്ടിയാണ് നാട്ടുകാർ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയത്. പിന്നീടും അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് വീണ്ടും ബന്ധുക്കൾ റാന്നി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ചെറിയ കുപ്പിയിലെ മണ്ണെണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്നാണ് പ്രചരിക്കുന്നത്. എന്നാൽ വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഒരു ലക്ഷണവും കാണുന്നില്ല.
അടുത്തടുത്താണ് ഇവരുടെ ബന്ധുക്കൾ താമസിക്കുന്നത്. എന്നാൽ ഒരു ശബ്ദവും കേട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ യുവതി ആത്മഹത്യ ചെയ്തതാണെന്ന് സ്ഥാപിക്കുന്നതിനു വേണ്ടി യുവതിയുടെ കയ്യക്ഷരവുമായി ഒരു ബന്ധം പോലും ഇല്ലാത്ത ആത്മഹത്യാക്കുറിപ്പാണ് കാണിച്ചത്. ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിൻ്റെ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഗൾഫിൽ നിന്നു വന്ന ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാതെ തിരികെ വിട്ടത് സംശയം ജനിപ്പിക്കുന്നു.
പോലീസ് അന്വേഷണത്തിൽ യുവതിക്ക് കാമുകന്മാർ ഉണ്ടെന്ന് കണ്ടെത്തിയതായി പറയുന്നു. അങ്ങനെയെങ്കിൽ കാമുകന്മാരെ ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല- എന്നിങ്ങനെയാണ് അമ്മയുടെയും സഹോദരൻ്റെയും പരാതിയിൽ പറയുന്നത്. കുടുംബ വീടിനു സമീപം ഒറ്റയ്ക്കു താമസിക്കുകയായിരുന്ന യുവതിയേയും കുഞ്ഞിനെയും സംഭവദിവസം പകല്‍ വീടിനു വെളിയിലേക്കു കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് തീപ്പൊള്ളലേറ്റ നിലയില്‍ രണ്ടു പേരെയും കണ്ടത്. യുവതിയുടെ ഭര്‍ത്താവ് സജു ചെറിയാന്‍ വിദേശത്തായിരുന്നു. മരണവിവരം അറിഞ്ഞാണ് പിറ്റേന്ന് നാട്ടിലെത്തിയത്. മരണശേഷമാണ് പിതാവ് കുട്ടിയെ ആദ്യമായി കണ്ടെതെന്ന വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.