ബംഗളൂരു: ബസ് സ്റ്റോപ്പ് എന്ന നാട്ടുകാരുടെ ആവശ്യം അധികാരികള്‍ അവഗണിച്ചതിനെ തുടര്‍ന്ന് താത്കാലിക ബസ് സ്റ്റോപ്പുണ്ടാക്കി പോത്തിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് പ്രതികാരം. കര്‍ണാടകയിലെ ഗദഗ് ജില്ലയിലാണ് നാട്ടുകാര്‍ ബസ് ഷെല്‍ട്ടര്‍ പോത്തിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്.
നിലവിലെ ബസ് സ്‌റ്റോപ്പ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഇതിനായി പലതവണ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ബസ് സ്റ്റോപ്പ് നാല്‍പ്പത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പെ കേടുപാടുകള്‍ വന്ന് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. ബസിന് കാത്തുനില്‍ക്കുന്നവര്‍ അടുത്ത കടകളിലോ മറ്റോ കയറിനില്‍ക്കുകയാണ് പതിവ്.
മഴക്കാലത്ത് വിദ്യാര്‍ഥികളുള്‍പ്പെടയുള്ളവരുടെ യാത്ര ദുരിതപൂര്‍ണമാണെന്നും നാട്ടുകാര്‍ പറയുന്നു. ബസ് സ്റ്റോപ്പില്‍ ആരും കയറാതെ വന്നതോടെ ചിലര്‍ സ്ഥലത്ത് മാലിന്യം തള്ളാനും തുടങ്ങി. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഒരു താത്കാലിക ബസ്് സ്‌റ്റേപ്പ് പണിയുകയായിരന്നു. ഇതിന്റെ ഉദ്ഘാടനത്തിനായാണ് നാട്ടുകാര്‍ പോത്തിനെ മുഖ്യാതിഥിയാക്കിയത്.
വര്‍ഷങ്ങളായി ഒരു ബസ് സ്‌റ്റോപ്പിന്റെ കാര്യം ഞങ്ങള്‍ എംഎല്‍എയോട് ആവശ്യപ്പെടുന്നു. ഓരോ തവണയും ഉറപ്പ് നല്‍കുകയല്ലാതെ മറ്റൊന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പോത്തിനെ കൊണ്ട് ബസ് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്യിച്ചതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ ഇത്തരം ഒരു ഉദ്ഘാടനത്തെ കുറിച്ച് അറിയില്ലെന്ന് സ്ഥലം എംഎല്‍എ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്നും ഗ്രാമവാസികള്‍ക്കായി പുതിയ ബസ് സ്റ്റോപ്പ് നിര്‍മ്മിക്കുമെന്നും എംഎല്‍എ പറഞ്ഞു.