മുംബൈ: തായ്‍ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശി സാംദർശി യാദവ് എന്ന 32കാരനാണ് അറസ്റ്റിലായത്. മുംബൈ അന്താരാഷാട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ് യുവാവിന്‍റെ പാസ്പോർട്ടിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് അധികൃതർക്ക് മനസിലായത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവിച്ചതെന്താണെന്ന് വ്യക്തമാകുന്നത്.
പാസ്‌പോര്‍ട്ടിലെ ഏതാനം പേജുകള്‍ കീറി നശിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാംദർശി യാദവിനെ സഹര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മാലദ്വീപിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ഇയാളുടെ പാസ്പോർട്ടിൽ കൃത്രിമത്വം സംഭവിച്ചിട്ടുണ്ടെന്ന് അധികൃതർ മനസിലാക്കുന്നത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സാംദർശിയുടെ പാസ്പോർട്ടിൽ നിന്ന് പത്തോളം പേജുകൾ കീറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2019ൽ നടത്തിയ യാത്രയുടെ വിവരങ്ങളാണ് ഇയാൾ കീറി കളഞ്ഞതെന്നാണ് പോലീസ് പറയുന്നത്. 2019ലായിരുന്നു ഇയാളുടെ വിവാഹം അതിന് മുമ്പ് തായ്‍ലൻഡിലേക്ക് നടത്തിയ യാത്രകളുടെ വിശദാംശങ്ങളാണ് ഇയാൾ കീറി കളഞ്ഞിരുന്നത്.
പാസ്പോർട്ടിലെ മൂന്ന് മുതൽ ആറ് വരെയുള്ള പേജുകളും 31 മുതൽ 34 വരെയുള്ള പേജുകളുമാണ് യാദവ് കീറി കളഞ്ഞത്. ഇക്കാര്യം പോലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാരാക്കിയ ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്‌പോര്‍ട്ടിലെ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യാദവ് നിരപരാധിയാണെന്നും ഒരിക്കലും പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകനായ സഞ്ജയ് തിവാരി പ്രതികരിച്ചു.