കുവൈറ്റ് സിറ്റി: രാജ്യത്ത് നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അടിമത്തത്തിനും നിര്‍ബന്ധിത ജോലിക്കും സമാനമാണെന്നും അത് നിര്‍ത്തലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുണമെന്നും കുവൈറ്റ് ദേശീയ മനുഷ്യാവകാശ ഓഫീസ് മേധാവി അംബാസഡര്‍ ജാസിം അല്‍-മുബാറകി ആവശ്യപ്പെട്ടു മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യുഎസ് വിദേശകാര്യ മന്ത്രാലത്തിന്റെ വാര്‍ഷിക വാച്ച് ലിസ്റ്റില്‍ കുവൈറ്റ് രണ്ടാം നിരയിലേക്ക് അഥവാ ഓറഞ്ച് ഗണത്തിലേക്ക് തരംതാഴ്ത്തപ്പെട്ട സാഹചര്യത്തിലാണ് മനുഷ്യാവകാശ വിഭാഗം മേധാവിയുടെ പ്രതികരണം.
സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അടിമത്തം, നിര്‍ബന്ധിത തൊഴിലിനും സമാനമാണെന്നും അല്‍ റായ് പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു. കുവൈറ്റില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ പുറം ലോകം കാണുന്നില്ല എന്നാണോ നമ്മള്‍ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗാര്‍ഹിക ജീവനക്കാരെ വില്‍പ്പനയ്ക്ക് വയ്ക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങളില്‍ സര്‍വ സാധാരണമാണ്. ഇത്തരം പരസ്യങ്ങള്‍ക്ക് മന്ത്രി സഭയുടെ വിലക്ക് ഉണ്ടെന്നിരിക്കെയാണിത്. തൊഴിലാളികളെ കൊണ്ടുവന്ന് തെരുവില്‍ തള്ളുന്ന മാഫിയകള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. 2000 ദിനാറാണ് റിക്രൂട്ട്‌മെന്റിനായി ഇത്തരം സംഘങ്ങള്‍ ഈടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങളാണ് അന്താരാഷ്ട്ര രംഗത്ത് കുവൈറ്റിന് നാടക്കേടുണ്ടാക്കുന്നത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയോ മറ്റുള്ളവരുടെയോ റിപ്പോര്‍ട്ട് നോക്കുന്നതിന് മുമ്പ്, നമ്മള്‍ സ്വയം പരിഷ്‌കരിക്കണത്തിന് വിധേയരാവുകയാണ് വേണ്ടത്. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്താലാക്കുകയും, വിദേശത്തു നിന്നുള്ള ആളുകളുടെ റിക്രൂട്ട്‌മെന്റില്‍ മാന്‍പവര്‍ അതോറിറ്റിയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുയും ചെയ്യുന്നതിലൂടെ തൊഴില്‍ വിപണിയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത പലതവണ അധികൃതര്‍ മുമ്പാകെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അംബാസഡര്‍ ജാസിം അല്‍ മുബാറകി പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള മിനിമങ്ങള്‍ പൂര്‍ണമായി പാലിക്കാത്തതിനാലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുവൈറ്റിനെ തരം താഴ്ത്തിയത്.