ഓസ്റ്റിൻ: സര്‍ക്കാരിൻ്റെ സമയക്രമം അനുസരിച്ച് 39കാരനായ റമീറോ ഗോൺസാലസിന് രണ്ടാഴ്ച മാത്രമാണഅ ജീവിക്കാൻ അവകാശമുള്ളത്. യുഎസിലെ ടെക്സസസിലെ ജയിലിൽ വധശിക്ഷ കാത്തു കഴിയുകയാണ് റമീറോ. ജൂലൈ 13ന് റമീറോയെ ജയിൽ അധികൃതര്‍ മാരക ഇൻജെക്ഷൻ നല്‍കി വധശിക്ഷയ്ക്ക് വിധേയനാക്കും. അധികകാലം ജീവിച്ചിരിക്കാമെന്ന പ്രതീക്ഷ റമീറോയ്ക്കില്ല, എന്നാൽ ഒരാവശ്യവുമായി അദ്ദേഹം കോടതിയ്ക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. തന്‍റെ ഒരു വൃക്ക ദാനം ചെയ്യണം. റമീറോയുടെ വധശിക്ഷ ഒരു മാസമെങ്കിലും നീട്ടി വെക്കണമെന്നും അങ്ങനെയെങ്കിൽ അദ്ദേഹത്തിൻ്റെ ഒരു വൃക്ക ഏതെങ്കിലും വ്യക്തിയ്ക്ക് ദാനം ചെയ്യാനാകുമെന്നുമാണ് റമീറോയുടെ അഭിഭാഷകര്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. വൃക്ക ദാനത്തിനായി ആറു മാസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസ് ബോര്‍ഡ് ഓഫ് പാര്‍ഡൺസ് ആൻ്റ് പരോള്‍സിനും അഭിഭാഷകര്‍ അപേക്ഷ നല്‍കിയ്ടുണ്ട്. ഗുരുതരാവസ്ഥയിലുളള രോഗികൾക്ക് വൃക്ക ദാനം ചെയ്യാൻ ഒരു ദാതാവിനെ കിട്ടുന്നത് താരതമ്യേന അത്ര പ്രയാസമുള്ള കാര്യമല്ല. റമീറോ ഗോൺസാലസിൻ്റെ അപൂര്‍വ രക്തഗ്രൂപ്പാണ് വൃക്കദാനം എന്ന സാധ്യത പരിഗണിക്കാൻ അഭിഭാഷകരെ പ്രേരിപ്പിക്കുന്നത്. ടെക്സസ് സര്‍വകലാശാലയിലെ അവയവ മാറ്റിവെക്കൽ വിഭാഗം റമീറോയെ മികച്ച അവയവ ദാതാവായി കണ്ടെത്തിയിട്ടുണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.
റമീറോയുടെ ശരീരത്തിൽ നിന്ന് വൃക്ക ശേഖരിക്കാനുള്ള ശസ്ത്രക്രിയ മാത്രമാണ് ശേഷിക്കുന്നതെന്ന് അഭിഭാഷകര്‍ പറയുന്നു. ഇതിന് ഒരു മാസം മാത്രം മതിയാകുമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിൽ അഭിഭാഷകര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വധശിക്ഷ ഒരു മാസമെങ്കിലും നീട്ടി വെക്കണമെന്നാണ് ആവശ്യം. അഭിഭാഷകര്‍ക്കു പുറമെ റമീറോയുമായി ബന്ധമുള്ള ഒരു ജൂതപുരോഹിതനായ കാൻ്റര്‍ മൈക്കിൾ സൂസ്മാ്റെ കത്തും ഗവര്‍ണര്‍ക്ക് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.
വൃക്ക ദാനം ചെയ്യുക എന്ന റമീറോയുടെ ആവശ്യം വധശിക്ഷ അവസാന നിമിഷം വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് താൻ ഒരിക്കലും കരുതുന്നില്ലെന്നും മരണശേഷം ദൈവത്തോടൊപ്പം ചേരാനായി അദ്ദേഹം ചെയ്യുന്ന ഒരു സൽപ്രവൃത്തിയായാണ് കാണുന്നതെന്നും സൂസ്മാൻ ഗവര്‍ണര്‍ക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി.
2001ൽ ഒരു കൗമാരക്കാരിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി റമീറോ ഗോൺസാലസിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ജയിൽപുള്ളികള്‍ക്ക് അവയവദാനം ചെയ്യാൻ അനുവാദം നല്‍കുന്ന തരത്തിലാണ് ടെക്സസിലെ നിയമം. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് റമീറോ കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. ഇതിൻ്റെ കാരണം എന്താണെന്ന് ക്രിമിനൽ ജസ്റ്റിസ് വകുപ്പ് വിശദീകരിച്ചില്ലെങ്കിലും വധശിക്ഷ ഉടൻ തന്നെ നടപ്പാക്കേണ്ടതിനാൽ ആവശ്യം തള്ളുകയായിരുന്നു എന്നാണ് അഭിഭാഷകര്‍ കരുതുന്നത്.
വധശിക്ഷ നീട്ടിവെക്കണമെന്ന ആവശ്യത്തിനു പുറമെ ശിക്ഷ നടപ്പാക്കുന്ന സമയത്ത് തന്‍റെ ആത്മീയ ഉപദേശകനെ കൈയ്യിലും ഹൃദയത്തിലും സ്പര്‍ശിക്കാൻ അനുവദിക്കണമെന്ന ആവശ്യവും റമീറോ അഭിഭാഷകര്‍ വഴി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം വരുന്ന ചൊവ്വാഴ്ച കോടതി പരിഗണിക്കും.
18 വയസ് പ്രായമുള്ളപ്പോഴായിരുന്നു റമീറോ വധശിക്ഷയ്ക്ക് കാരണമായ കുറ്റകൃത്യം ചെയ്തത്. സമപ്രായക്കാരിയായ ബ്രിജറ്റ് ടൗൺസെൻ്റിനെ റമീറോ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഇവരുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങള്‍ പോലും ലഭിച്ചത് രണ്ട് വര്‍ഷത്തിനു ശേഷമായിരുന്നു.