‘അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഉണ്ടാകുന്നത്’; ആനി രാജക്കെതിരെ രൂക്ഷ പ്രതികരണവുമായി എം എം മണി, വിവാദം കൊഴുക്കുന്നു









തിരുവനന്തപുരം: കെ കെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. ഡല്‍ഹിയിലുള്ള ആനി രാജയ്ക്ക് കേരള നിയമസഭയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയില്ലല്ലോയെന്ന് എം എം മണി പറഞ്ഞു. തനിക്കെതിരായ ആനി രാജയുടെ പ്രതികരണത്തെ കാര്യമായി കാണുന്നില്ലെന്നും എം എം മണി മറുപടി നല്‍കി.

അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഉണ്ടാകുന്നേ. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും.’ എന്നായിരുന്നു എം എം മണിയുടെ പ്രതികരണം.


കെകെ രമക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാട് എംഎം മണി ആവര്‍ത്തിച്ചു. സമയം കിട്ടിയാല്‍ കെ കെ രമക്കെതിരെ ഭംഗിയായി പറഞ്ഞേനെയെന്നാണ് എംഎം മണി പ്രതികരിച്ചത്. രാഷ്ട്രീയ സംവാദങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ സ്ത്രീകളുടെ ദുരന്തങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു ആനി രാജ വിഷയത്തില്‍ പ്രതികരിച്ചത്.

ഇത്തരം പ്രസ്താവനകള്‍ കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഒഴിവാക്കപ്പെടേണ്ട ഒന്നായിരുന്നു. എം എം മണിയെ നിയന്ത്രിക്കണോ എന്ന് സിപിഐഎം നേതൃത്വം തീരുമാനിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടിരുന്നു.


ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ലെന്നായിരുന്നു കെകെ രമക്കെതിരായ എം എം മണിയുടെ പ്രതികരണം. പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എം എം മണി പറഞ്ഞിരുന്നു.

Previous Post Next Post