പാലുകാച്ചി മലയിൽ നാളെ മുതൽ ട്രക്കിങ് ആരംഭിക്കും; സഞ്ചാരികളെ കാത്ത് നിൽക്കുന്നത് മലബാറിന്‍റെ വന്യസൗന്ദര്യം


കണ്ണൂർ: പാലുകാച്ചി മലയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ്ങിന് ഞായറാഴ്ച മുതൽ സഞ്ചരികൾക്ക് പ്രവേശനം. പകൽ 10.30 ന് കണ്ണൂർ ഡി എഫ് ഒ പി ആർ കാർത്തിക് ആദ്യ ട്രക്കിങ് സംഘത്തിന് ഫ്ലാഗ് ഓഫ് നിർവഹിക്കും. ഫീസ് ഈടാക്കിയാണ് പ്രവേശനം. മുതിർന്നവർക്ക് 50 രൂപ കുട്ടികൾക്ക് 20 വിദേശികൾക്ക് 150 എന്നിങ്ങനെയാണ് നിരക്കുകൾ. പാലുകാച്ചി മല ട്രക്കിങ് ജൂൺ മൂന്നിന് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഒരുക്കാത്തതിനാൽ ട്രക്കിങ്ങിന് പ്രവേശനമുണ്ടായിരുന്നില്ല. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തി 2347 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലുകാച്ചി മല കൊട്ടിയൂർ കേളകം പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കേളകം ടൗണിൽ നിന്നും അടക്കാത്തോട് ശാന്തിഗിരി വഴിയും പൊയ്യൻ മല ശാന്തിഗിരി വഴിയും പാലുകാച്ചി മലയിൽ എത്താം. ദിവസവും രാവിലെ 8.30 മുതൽ 4.30 വരെയാണ് പ്രവേശനം. വൈകിട്ട് ആറുമണിക്ക് മുൻപ് ട്രക്കിങ് സംഘങ്ങൾ വനത്തിന് പുറത്തുകടക്കണം. പത്തുപേർ വീതമുള്ള സംഘമായാണ് സഞ്ചാരികളെ കടത്തിവിടുക, ഓരോ സംഘങ്ങൾക്കും ഒപ്പം ഒരു ഗൈഡും പ്രത്യേക നിയമിച്ചിട്ടുള്ള ജീവനക്കാരും ഉണ്ടായിരിക്കും. ഓരോ സംഘത്തിനും മലമുകളിൽ ചിലവഴിക്കാനുള്ള പരമാവധി സമയം ഒരു മണിക്കൂർ മാത്രമാണ്.
നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക് പ്രവേശിക്കുന്നത് ശിക്ഷാർഹമാണ്. പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ് പ്രവർത്തനങ്ങളുടെ നടത്തിപ്പുചുമതല. സമിതി നിയമിച്ച ആറു താൽക്കാലിക ജീവനക്കാരാണ് വിനോദസഞ്ചാരികളെ സഹായിക്കുക. ടിക്കറ്റ് കൗണ്ടർ ക്ലോക്ക് റൂം, ടോയ്‍ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Previous Post Next Post