മനാഗ്വ: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ചാരിറ്റി സന്യാസിനീസമൂഹത്തിലെ ഒരു സംഘം കന്യാസ്ത്രീകൾ തങ്ങളുടെ ബാഗുകളുമായി നടന്നു വരുന്ന ചിത്രമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. രാജ്യം വിടാനുള്ള ഉത്തരവിനു പിന്നാലെ നിക്കരാഗ്വേ അതിർത്തി കടന്നെത്തുന്ന 18 കന്യാസ്ത്രീകളിൽ ഏഴ് ഇന്ത്യക്കാരുമുണ്ട്. എന്നാൽ എന്തിനാണ് കന്യാസ്ത്രീകളെ ലാറ്റിനമേരിക്കയിലെ നിക്കരാഗ്വൻ സർക്കാർ കന്യാസ്ത്രീകളെ പുറത്താക്കിയത് എന്ന ചോദ്യം പ്രസക്തമാണ്.
നിക്കരാഗ്വൻ സർക്കാർ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭയുടെ അംഗീകാരം എടുത്തു കളഞ്ഞതോടെയാണ് കന്യാസ്ത്രീകൾക്ക് രാജ്യം വിടേണ്ടി വന്നത്. 15 വർഷമായി രാജ്യത്ത് അധികാരത്തിൽ തുടരുന്ന പ്രസിഡൻ്റ് ഡാനിയൽ ഓർട്ടേഗ തന്നെ എതിർക്കുന്ന ഏതു ശക്തിയേയും അടിച്ചമർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിൻ്റെ ഏറ്റവും പുതിയ അധ്യായമാണ് കന്യാസ്ത്രീസമൂഹത്തിനെതിരെയുള്ള നടപടി.
എന്താണ് നിക്കരാഗ്വയിൽ നടക്കുന്നത്?
പാർലമെൻ്ററി ജനാധിപത്യവും ബഹുപാർട്ടി സംവിധാനവുമൊക്കെ ഉണ്ടെങ്കിലും കഴിഞ്ഞ 15 വർഷമായി നിക്കരാഗ്വയിൽ നിലനിൽക്കുന്നത് ഏതാണ്ട് ഏകാധിപത്യ രീതിയാണ്. 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 76കാരനായ ഡാനിയേൽ ഓർട്ടേഗ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് ഡാനിയേൽ ഓർട്ടേഗയുടെ സർക്കാരിൻ്റെ കീഴിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ മുൻപ് പലവട്ടം മാധ്യമങ്ങളിൽ വാർത്തയായിട്ടുമുണ്ട്. 2021തെ തെരഞ്ഞെടുപ്പ് തന്നെ തട്ടിപ്പാണെന്ന ആരോപണവുമുണ്ട്. വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നിക്കരാഗ്വേയിൽ 85 ശതമാനവും ക്രിസ്ത്യാനികളാണ്. അതിൽ തന്നെ 55 ശതമാനം കത്തോലിക്കരും. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നു കാട്ടാൻ മുൻപന്തിയിലുള്ളത് കത്തോലിക്കാ സഭ തന്നെയാണ്.
2018നു ശേഷം സർക്കാരിനെതിരെ പ്രവർത്തിച്ചെന്ന ആരോപണം നേരിട്ട ഇരുനൂളോളം സംഘടനകളാണ് രാജ്യത്ത് നിരോധിക്കപ്പെട്ടത്. ഇതിൽ മുറിച്ചുണ്ടുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ശസ്ത്രക്രിയ നടത്താനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന മുതൽ നിക്കരാഗ്വൻ ഭാഷാ അക്കാദമി വരെയുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ധനസമാഹരണം സംബന്ധിച്ച് സർക്കാർ കടുത്ത നിയമങ്ങൾ കൊണ്ടുവന്നതിനു ശേഷമാണ് സംഘടനകളിൽ പലതിനും പൂട്ടുവീണത്.
2018ൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സംരക്ഷിച്ചെന്ന ആരോപണത്തിലാണ് കത്തോലിക്കാ സഭയും പ്രസിഡൻ്റും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. വധഭീഷണി ലഭിച്ചതിനെ തുടർന്ന് ഒരു സഹായമെത്രാൻ രാജിവെച്ച വാർത്തയും അന്താരാഷ്ട്രമാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.
അടുത്തിടെ വത്തിക്കാൻ അംബാസഡർക്ക് തുല്യമായ നൂൺഷ്യോയെ നിക്കരാഗ്വ പുറത്താക്കുക കൂടി ചെയ്തതോടെ ഈ തർക്കം മൂർധന്യാവസ്ഥയിലെത്തി. കത്തോലിക്കാ സഭാ നേതൃത്വത്തെ ളോഹയിട്ട ചെകുത്താന്മാർ എന്നാണ് ഡാനിയേൽ ഓർട്ടേഗ വിശേഷിപ്പിക്കുന്തനു തന്നെ.
കന്യാസ്ത്രീകളെ നാടുകടത്തി
രാജ്യം വിടാനുള്ള ഉത്തരവിനെ തുടർന്ന് മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങൾ കാൽനടയായി അയൽരാജ്യമായ കോസ്റ്റ റിക്കയിലേയ്ക്ക് പോലീസ് അകമ്പടിയോടെ പോകുന്നതാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തു വിട്ട ചിത്രങ്ങളിലുള്ളത്.
1988 മുതൽ മിഷണറീസ് ഓഫ് ചാരിറ്റിയ്ക്ക് നിക്കരാഗ്വയിൽ സാന്നിധ്യമുണ്ട്. ഒരു നഴ്സറിയും പീഡനത്തിന് ഇരയായതും ഉപേക്ഷിക്കപ്പെട്ടതുമായ പെൺകുട്ടികൾക്കുള്ള കേന്ദ്രവും ഒരു നഴ്സിങ് ഹോമും ഇവർ നടത്തുന്നുണ്ട്. എന്നാൽ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തുന്ന കാര്യത്തിൽ സുതാര്യതയില്ലെന്നു ചൂണ്ടിക്കാട്ടി നിക്കരാഗ്വൻ സർക്കാർ സഭയ്ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു. സന്യാസിനീസമൂഹത്തിനു പുറമെ മറ്റു ചില സന്നദ്ധസംഘടനകൾക്കും സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു. ജൂലൈ ആറിനായിരുന്നു പാർലമെൻ്റ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇമിഗ്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിർത്തിയിലെത്തിച്ച സംഘത്തെ തുടർന്ന് കാൽനടയായി കോസ്റ്റ റിക്കയിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
സ്വാഗതം ചെയ്ത് കോസ്റ്റ റിക്കയിലെ സഭ
നിക്കരാഗ്വയിൽ ഇനി പ്രവർത്തിക്കാനാകില്ലെങ്കിലും കോസ്റ്റ റിക്കയിലെ സഭ കന്യാസ്ത്രീകളെ സ്വാഗതം ചെയ്തിട്ടുണ്ട്. ടിലറാൻ ലൈബീരിയ രൂപതയ്ക്ക് കീഴിലായിരിക്കും ഇനി ഇവരുടെ പ്രവർത്തനം. തങ്ങളെ സ്വീകരിച്ച നടപടിയ്ക്ക് രൂപതാമെത്രാനായ ബിഷപ്പ് മാനുവൽ യൂജിനിയോ സലാസർ മോറയ്ക്ക് സിസ്റ്റർമാർ നന്ദി പറയുകയും ചെയ്തു. തങ്ങളുടെ മണ്ണിൽ മദർ തെരേസയുട സഹോദരിമാർ കാലു കുത്തുക എന്നതു തന്നെ വലിയൊരു ബഹുമതിയാണെന്നായിരുന്നു രൂപതയുടെ പ്രതികരണമെന്ന് കാത്തലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രൂപതയിലെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും മദർ തെരേസ നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.