മുംബൈ: മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് ആണ് സഭയിലെ ഇന്നത്തെ പ്രധാന അജണ്ട. ഉദ്ധവ് താക്കറെ വിഭാഗത്തിലെ രാജൻ സാൽവി സ്പീക്കർ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്.
കോൺഗ്രസിലെ നാനാ പതോളിൻറെ രാജിയെത്തുടർന്ന് 2021 ഫെബ്രുവരി മുതൽ സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. രാജൻ സാൽവിക്ക് ശിവസേനയുടെയും എൻസിപിയുടെയും കോൺഗ്രസിൻറെയും പിന്തുണയുണ്ട്. രാഹുൽ നാർവികറാണ് ബിജെപിക്കായി സ്പീക്കർ പോരിന് ഇറങ്ങുന്നത്.
ബിജെപിയുടെയും വിമത ശിവസേനാ എംഎൽഎമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കം വിമത എംഎൽഎമാർക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാൽ കോടതി ഇടപെടലിൽ പ്രതീക്ഷ വെച്ചാണ് രാജൻ സാൽവിയും പോരാട്ടത്തിനിറങ്ങുന്നത്. ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. ഗോവയിൽ നിന്ന് വിമാനമാർഗ്ഗമാണ് എംഎൽഎമാര്‍ രാത്രിയോടെ മുംബൈയില്‍ എത്തിയത്.