ആലപ്പുഴ: നിരവധി മോഷണ കേസിലെ പ്രതിയെ ഒടുവിൽ വലയിലാക്കി പൊലീസ്. കഴിഞ്ഞ ഏഴ് വർഷമായി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നടന്ന സ്പൈഡർ സുനില്‍ എന്ന് വിളിക്കുന്ന സുനിലും ഇയാളുടെ കൂട്ടാളിയുമാണ് പിടിയിലായത്. കൃഷ്ണപുരം കാപ്പിൽ കിഴക്ക് അശ്വിൻ ഭവനത്തിൽ സുനിലും (44), ഇയാളുടെ കൂട്ടാളി എരുവ വേലൻ പറമ്പിൽ വീട്ടിൽ സഫർ എന്നു വിളിക്കുന്ന സഫറുദ്ദീൻ (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞക്കനാലിൽ കഴിഞ്ഞ മാസം 25ന് വെളുപ്പിന് ബഷീറിന്റെ ഉടമസ്ഥതയിലുള്ള കറുകത്തറയിലെ വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും കവർന്ന കേസിലാണ് അറസ്റ്റ്. കമ്പിപ്പാര ഉപയോഗിച്ച് പ്രധാന ഡോർ കുത്തിത്തുറന്നാണ് സുനിൽ മോഷണം നടത്തിയത്. വീടിന്റെ മുൻവശത്തെ ഡോർ പൊളിച്ച് കിടപ്പു മുറിയിലെ അലമാരയിൽ നിന്നു 20 പവൻ സ്വർണാഭരണങ്ങളും 5000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്.
വീടിന്റെ ഉടമസ്ഥനായ ബഷീർ ചികിത്സക്കായി ആശുപത്രിയിൽ അഡ്മിറ്റായ സമയത്താണ് മോഷണം നടന്നത്. സുനിൽ മോഷണം ചെയ്ത് എടുക്കുന്ന സ്വർണാഭരണങ്ങൾ വിൽക്കുന്നത് രണ്ടാം പ്രതിയായ സഫറാണ്. ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വയനകത്തും, ഞക്കനാലും കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പിൽ, മേനാത്തേരി, വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ കട്ടച്ചിറ എന്നിവിടങ്ങളിലും വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
മോഷണം നടന്ന ബഷീറിന്റെ വീടിന്റെ സമീപമുള്ള വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചും സംശയം തോന്നിയ പൊലീസ് സ്പൈഡർ സുനിലിനെ നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31 ഓളം വാഹന മോഷണ കേസുകളിൽ പ്രതിയാണ് സുനിൽ. മോഷണം നടത്തി കിട്ടുന്ന സ്വർണാഭരണങ്ങൾ സഫറിനെ ഉപയോഗിച്ച് കായംകുളത്തെ സ്വർണക്കടകളിൽ വിൽപ്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇയാൾ.
പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വെച്ച ശേഷം രാത്രിയിൽ ഒറ്റക്ക് നടന്ന് പോയി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് സുനിലിന്റെ രീതി. ഓച്ചിറയുടെ കിഴക്കൻ ഭാഗങ്ങളിൽ വീട് കുത്തിത്തുറന്നുള്ള മോഷണം പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ കേസുകൾ തെളിയിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ജെ ജെയ്ദേവിന്റെ മേൽനോട്ടത്തിൽ കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ഉദയകുമാർ, ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, റെജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.