ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് എന്ന് റിപ്പോർട്ട്. കൊവിഡ് രോഗബാധയുണ്ടായ 2020 ആയി താരതമ്യം ചെയ്യുമ്പോൾ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം കഴിഞ്ഞ വർഷം 1.63 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേരാണ് പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടാൻ ഒരുങ്ങിയത് ഇതുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വിഭാഗം ആളുകൾ ഇത്തരത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.9 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചിരിക്കുന്നത്. വ്യക്തിപരമായി കാരണങ്ങളാലാണ് രാജ്യം വിടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2015 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ 9.24 ലക്ഷം പേരാണ് പൗരത്വം വേണ്ടെന്ന് വച്ചിട്ടുള്ളത്.
ലോക്സഭയിൽ ചൊവ്വാഴ്ചയാണ് ഇത്തരത്തിൽ ഒരു കണക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. സർക്കാർ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം രാജ്യം വിട്ടവരിൽ ഭൂരിപക്ഷവും യുഎസിലേക്കാണ് പോയിരിക്കുന്നത്. 78,284 പേരാണ് ഇത്തരത്തിൽ അമേരിക്കയിലേക്ക് മാറിയത്. ഇതിന് പുറമെ, ഓസ്ട്രേലിയ, കാനഡ, യുകെ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്നും പോയിട്ടുണ്ട്. ഓസ്ട്രേലിയയിലേക്ക് 23,533 പേരും കാനഡയിലേക്ക് 21,597 പേരും യുകെയിലേക്ക് 14,637 പേരും ഈ വർഷം പോയിട്ടുണ്ട്.
ഇറ്റലി അടക്കമുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കുറച്ച് ആളുകൾ കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇറ്റലിയിലേക്ക് 5,986 പേരും ന്യൂസിലാന്റിലേക്ക് 2,643 പേരും, സിങ്കപ്പൂരിലേക്ക് 2,516 പേരും ജർമനിയിലേക്ക് 2,381 നെതർലാൻസിലേക്ക് 2,187 പേരും സ്വീഡൻ സ്പെയിൻ എന്നീ രാജ്യങ്ങളിലേക്ക് 1841, 1595 പേർ വീതവുമാണ് കുടിയേറിയിരിക്കുന്നത്.
നിക്ഷേപത്തിന് പകരം പൗരത്വം നൽകുന്ന സെന്റ്. കിറ്റ്‌സ് ആൻഡ് നേവിസ് ഉൾപ്പടെ നികുതി ഇളവുകൾ ലഭിക്കുന്ന ലക്‌സംബർഗ്, കേയ്മൻ ദ്വീപ്, പനാമ, ബഹമാസ്, മാൾട്ട, ടർക്ക്‌സ് ആൻ കൈക്കോസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കും ഇന്ത്യക്കാർ കുടിയേറയതിൽ ഉൾപ്പെടുന്നു.
ഇരട്ടപൗരത്വം അനുവദിക്കാത്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ തന്നെ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുമ്പോൾ സ്വാഭാവികമായും തന്നെ ഇന്ത്യയുടെ പൗരത്വം റദ്ദാക്കപ്പെടുന്നു.