കൊച്ചി: എം.ജി സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡി.ജി.പിക്ക് പരാതി. രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഡിവൈ.എസ്.പി അറസ്റ്റ് ചെയ്യാന്‍ തയാറാകുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ പരാതിയില്‍ ആരോപിച്ചു. കേസിലെ നാലാം പ്രതിയാണിയാള്‍.
മറ്റൊരു കേസില്‍ അറസ്റ്റിലായി കാക്കനാട് ജില്ല ജയിലിലാണ് ആര്‍ഷോ. ഒളിവിലായിരുന്ന ഇയാളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍ഷോ ജില്ല ജയിലില്‍ റിമാന്‍ഡിലാണെന്ന വിവരം എറണാകുളം സെന്‍ട്രല്‍ എ.സി.പി രേഖാമൂലം കോട്ടയം ഡിവൈ.എസ്.പിയെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.