മുംബൈ: തിരുവനന്തപുരം - നിസാമുദ്ദീൻ എക്സ്പ്രസിൽ ബുധനാഴ്ച രാത്രി കണ്ടെത്തിയ പാമ്പിനെ മുംബൈയ്ക്കടുത്ത് വസായ്റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ടിടിഇ പിടികൂടി.
ട്രെയിൻ മലപ്പുറം തിരൂരിൽ എത്തിയപ്പോഴാണ് എസ് 5 കോച്ചിൽ പാമ്പിനെ ആദ്യം കാണുന്നത്. കോഴിക്കോട്ട് എത്തിയപ്പോൾ ലഗേജും യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല.
ലഗേജുകൾക്കുള്ളിൽ ഒളിച്ചിരുന്ന പാമ്പ് വ്യാഴാഴ്ച വസായ് റോഡിൽ എത്തിയപ്പോഴാണ് വീണ്ടും ഇഴയുന്നതായി യാത്രക്കാർ കണ്ടത്. പാമ്പിനെ പിടികൂടാൻ അറിയാവുന്നവരുടെ സഹായം തേടി വസായിലെ സ്റ്റേഷൻ മാസ്റ്റർ അനൗൺസ്മെന്റ് നടത്തി.
പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാർ പാമ്പിനെ പിടികൂടാൻ സന്നദ്ധനായി. ഇരുമ്പുദണ്ഡ് തലയിൽ അമർത്തി പാമ്പിനെ പിടികൂടി. ഗ്രാമത്തിൽ ചെറുപ്പത്തിൽ പാമ്പുകളെ പിടിച്ചുള്ള അനുഭവമാണ് ധൈര്യം പകർന്നതെന്ന് ബിഹാറിലെ നളന്ദ സ്വദേശിയായ സുകേഷ് കുമാർ പറഞ്ഞു.