തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും സൂചനയൊന്നുമില്ലാതെ പോലീസ്. സ്ഫോടകവസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതിയുടെ ലോ കോളേജ് ജംഗ്ഷന്‍ മുതല്‍ പൊട്ടക്കുഴി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. വെള്ളിയാഴ്ച രാത്രി പരിശോധിച്ചതില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പിന്നീട് അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുമില്ല. എങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുടരുകയാണ്.
അതേസമയം, സംഭവസ്ഥലത്തിന് പരിസരത്തെ ക്യാമറ ദൃശ്യങ്ങളില്‍ കണ്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ആക്രമണം നടന്ന രാത്രിയില്‍ അസ്വാഭാവികമായ രീതിയില്‍ വാഹനവുമായി നില്‍ക്കുന്ന ദൃശ്യങ്ങളില്‍ കണ്ടയാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് സൂചന. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇതേക്കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ ഒരു വിവരവും ലഭ്യമല്ല.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരനെയാണ് വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് എന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകള്‍ നല്‍കാന്‍ കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വിവരം. എകെജി സെന്റര്‍ പരിസരത്തെ മൊബൈല്‍ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില കമ്പനികള്‍ ഒഴികെ മറ്റുള്ള മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
അക്രമത്തില്‍ രണ്ടുപേര്‍ക്ക് പങ്കുണ്ടെന്നായിരുന്നു നേരത്തെ പൊലീസ് ഭാഷ്യം. സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ക്ക് പുറമെ മറ്റൊരാള്‍ കൂടി എ.കെ.ജി സെന്ററിന് സമീപമുണ്ടായിരുന്നുവെന്നും ചുവന്ന സ്‌കൂട്ടറില്‍ പോയ ആളായിരിക്കാം സ്‌ഫോടകവസ്തു കൈമാറിയതെന്നുമായിരുന്നു നിഗമനം. അക്രമത്തിന് മുമ്പ് രണ്ട് തവണ ഈ സ്‌കൂട്ടര്‍ എ.കെ.ജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. എന്നാല്‍ ചുവന്ന സ്‌കൂട്ടറില്‍ പോയത് തട്ടുകട നടത്തുന്ന യുവാവാണെന്നും ഇയാളെ അനൗദ്യോഗികമായി ചോദ്യം ചെയ്തപ്പോള്‍ കൃത്യത്തില്‍ പങ്കില്ലെന്നും വ്യക്തമായി.
ഇതോടെ എ.കെ.ജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജുവിലേക്ക് അന്വേഷണം നീണ്ടു. 24 മണിക്കൂര്‍ റിജുവിനെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഒടുവില്‍ കലാപാഹ്വാനം നടത്തിയെന്ന പേരില്‍ ജാമ്യമില്ല വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തിരിച്ചടിയാകുമെന്ന് കണ്ട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ എകെജി സെന്ററില്‍നിന്നു നാല് കിലോമീറ്ററോളം അകലെയുള്ള പൊട്ടക്കുഴി വരെ സഞ്ചരിക്കുന്ന ദൃശ്യങ്ങളേ കണ്ടെത്താനായിട്ടുള്ളൂ. അതിനുശേഷം എങ്ങോട്ടുപോയെന്ന് അറിയില്ല. ലഭ്യമായ ദൃശ്യങ്ങളില്‍നിന്നു വാഹനനമ്പര്‍ തിരിച്ചറിയാനുള്ള ശ്രമമെല്ലാം പരാജയപ്പെട്ടെന്നും പൊലീസ് പറയുന്നു. പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ ആദ്യത്തേതു പോലെ ഒരു പ്രതിയിലേക്ക് അന്വേഷണം ചുരുക്കുകയായിരുന്നു. അതിനിടെ, സംഭവദിവസം എ.കെ.ജി സെന്ററിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാനുള്ള നീക്കം തുടങ്ങിയതായും വിവരമുണ്ട്.