കോട്ടയത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി



കോട്ടയം: നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി. പ്രദേശ വാസിയായ ഗണേഷന്റെ മൃതദേഹമാണ് ഓടയിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നു സംശയിക്കുന്നു. 

ഇന്ന് രാവിലെ പത്തുമണിയോടെ ഓടയിൽ നിന്നും ദുർഗന്ധം ഉണ്ടായതോടെ വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്  മൃതദേഹം കണ്ടെത്തിയത്. തുടർന്നു പൊലീസ് ഉദ്യോഗസ്ഥർ ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിനെ വിവരം അറിയിക്കുകയായിരുന്നു. 

തുടർന്നു, സ്ഥലത്ത് എത്തിയ ഡിവൈഎസ്പി അനീഷ് കെ.ജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് ഇവിടെ അടുത്തുള്ള കലുങ്കിൽ ഇരിക്കുന്നത് പതിവാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ കലുങ്കിൽ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.


Previous Post Next Post