'ദിലീപും പൾസർ സുനിയുമൊത്തുള്ള ചിത്രം വ്യാജമല്ല'; ആർ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്തയാൾ


തൃശൂര്‍: പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം വ്യാജമാണെന്ന മുൻ ജയിൽ ഡിജിപി ആര്‍. ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍ പറഞ്ഞു. സുനിയും ദിലീപും ഒന്നിച്ചുള്ള ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും താൻ മോർഫ് ചെയ്തിട്ടില്ലെന്നും ബിദില്‍ വ്യക്തമാക്കി. ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇതേത്തുടർന്നാണ് വിശദീകരണവുമായി ബിദിൽ രംഗത്തെത്തിയത്. ആര്‍. ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താനാണ് ആ സെല്‍ഫി എടുത്തതെന്നും ബിദില്‍ പറഞ്ഞു. 'ജോര്‍ജേട്ടന്‍സ് പൂരം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ക്ലബ് ബാര്‍ മാനായി ജോലി ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ദിലീപിന് പിന്നിലായി പള്‍സര്‍ സുനി ഉണ്ടായിരുന്നതെന്നും ബിദിൽ പറഞ്ഞു.


'ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ ദിലീപിനെ കണ്ടപ്പോള്‍ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. ഫോട്ടോ എടുക്കാനായതിന്‍റെ ആവേശത്തിൽ അപ്പോള്‍ തന്നെ അത് ഫേസ്ബുക്കിലിടുകയും സുഹൃത്തുക്കൾക്ക് അയച്ചുനൽകുകയും ചെയ്തു. അന്ന് സെൽഫിയെടുത്ത ഫോണ്‍ ഇപ്പോള്‍ കോടതിയിലുണ്ട്. നടിയെ ആക്രമിച്ച കേസ് ഉണ്ടായതോടെ സി.ഐക്ക് ആണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും താനായിട്ട് നടത്തിയിട്ടില്ല. തന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ലെന്നും ബിദിൽ പറഞ്ഞു.

പത്രത്തിലൊക്കെ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് ഞാനെടുത്ത ഫോട്ടോയിലും കണ്ടപ്പോള്‍ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോധ്യപ്പെട്ടതാണെന്നും ബിദില്‍ പറഞ്ഞു.
Previous Post Next Post