ജാതി പേര് പറഞ്ഞും അധിക്ഷേപിച്ചും ആദിവാസി യുവാവിന് ക്രൂരമർദ്ദനം; കേസെടുക്കാതെ പോലീസ്


തിരുവനന്തപുരം: ആദിവാസി യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് ആദിവാസി മഹാസഭ സമരത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ മാസം 29നാണ് സംഭവം നടന്നത്. ഭാര്യ വീട്ടില്‍പ്പോയി മടങ്ങിവരവേ പെരിങ്ങമ്മല കാട്ടിലകുഴി തടത്തരികത്തു വീട്ടില്‍ കിച്ചുകാണിയെ ഇടവം സ്വദേശികളായ രണ്ടുപേര്‍ ആക്രമിച്ചു എന്നു കാണിച്ച് പാലോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ജാതി പേര് പറഞ്ഞും അധിക്ഷേപിച്ചും മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍, പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്നാണ് കിച്ചുകാണി പറയുന്നത്. മര്‍ദ്ദനത്തില്‍ കിച്ചുവിന്റെ മുഖത്തും മൂക്കിനും നെറ്റിക്കും സാരമായ പരിക്കുണ്ട്. തോളിനും, നടുവിനും തലയ്ക്കും ചവിട്ടേറ്റ കിച്ചുവിനെ വിതുര ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കൊണ്ടു പോയങ്കിലും തുടര്‍ ചികിത്സക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

കിച്ചു ഇപ്പോഴും ചികിത്സയിലാണ്. കിച്ചുവിന്റെ ഭാര്യ പാലോട് സി.ഐയ്ക്ക് പരാതി കൊടുത്തിട്ടും പ്രതികളെ പിടികൂടിയില്ല. അക്രമികള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അക്രമികളെ പിടികൂടണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ആദിവാസി മഹാസഭാ സംസ്ഥാന നേതാക്കളായ മോഹനന്‍ ത്രിവേണി, എസ്. കുട്ടപ്പന്‍ കാണി, എസ്. ശാന്തകുമാര്‍ എന്നിവര്‍ പറഞ്ഞു.

Previous Post Next Post