'ലോകകാര്യം നോക്കേണ്ട വിദേശകാര്യമന്ത്രി ഫ്ലൈഓവർ നോക്കാൻ വന്നിരിക്കുന്നു'; മുഖ്യമന്ത്രി


തിരുവനന്തപുരം: വിദേശകാര്യമന്ത്രി ജയശങ്കറിന്‍റെ തിരുവനന്തപുരം സന്ദർശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ സംസ്ഥാന പെന്‍ഷനേഴ്സ് യൂണിയന്‍ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ ചേതോവികാരം എല്ലാവര്‍ക്കും മനസിലാവും', എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനം: അവകാശവാദവുമായി ചിലർ രംഗത്ത് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത രാജ്യത്തിന് ആവശ്യമാണ്. തെറ്റായ നീക്കങ്ങളെ മനസിലാക്കാൻ കഴിയണം. വർഗീയ ശക്തികളുമായി സമരസപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളാ സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ കോൺസുലേറ്റിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഉണ്ടായതായി എസ് ജയശങ്കർ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആരാണെങ്കിലും നിയമവിധേയമായി പ്രവർത്തിക്കണം. കോടതിക്ക് മുന്നിലെ വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

ശ്രീലങ്കൻ പ്രതിസന്ധി ഗുരുതരമായ വിഷയമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ്. അവർക്ക് കൂടുതൽ സഹായം നൽകുമെന്നും വാർത്താസമ്മേളനത്തിൽ എസ് ജയശങ്കർ വ്യക്തമാക്കി. മോദി സർക്കാർ അയൽ രാജ്യങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ശ്രീലങ്കയ്ക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. എങ്ങനെ പ്രതിസന്ധി മറികടക്കാമെന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അഭയാർത്ഥി വിഷയം ഇന്ത്യയ്ക്ക് ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണയെ ലോകം പ്രശംസിച്ചിട്ടുണ്ടെന്ന്. നിലവിൽ ശ്രീലങ്കയെ
സാമ്പത്തികമായി സഹായിക്കുന്നതിലാണ് രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തുന്നത്. എണ്ണ വില വർധിക്കുന്നു എന്നത് വാസ്തവമാണ്. കേന്ദ്ര സർക്കാർ എണ്ണ വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചു. സംസ്ഥാനങ്ങളും അത് സ്വീകരിക്കണമെന്ന് ജയശങ്കർ പറഞ്ഞു. നുപൂർ ശർമയുടെ പരാമർശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു. കേരളത്തിൽ ബി ജെ പി ശക്തി പ്രാപിച്ചിട്ടുണ്ട്. പടി പടിയായി ഇനിയും വളരും.

Previous Post Next Post