ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍



ട്രെയിനില്‍ പാമ്പ്/ ടിവി ദൃശ്യം
 

കോഴിക്കോട് : തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. യാത്രക്കാരുടെ ബാഗുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പ്. 

കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ യാത്രക്കാര്‍ ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം  വച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ പോയി.

10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തി. ഇവിടെ എത്തിയ ഉടനെ പാമ്പിനെ കണ്ടു പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും, പാമ്പിനെ കൊല്ലരുതെന്ന ബഹളത്തിനിടെ പാമ്പ് വീണ്ടും രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചു. 

മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായില്ല. ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിന്റെ അടിയിലുള്ള ദ്വാരത്തിലൂടെ പാമ്പ് പുറത്തേക്ക് പോയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ നിഗമനം. തുടര്‍ന്ന് രാത്രി 11.10 ഓടു കൂടിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്. 
Previous Post Next Post