പ്രധാൻമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള: ആർക്കൊക്കെ പങ്കെടുക്കാം? ​നേട്ടങ്ങൾ എന്തെല്ലാം?


ഇന്ത്യ : രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി എല്ലാ മാസവും പ്രധാൻ മന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള  സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്ര സംരംഭക, നൈപുണ്യ വികസന മന്ത്രാലയം . തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും വിവിധ ജോലികൾക്കായി യുവാക്കളെ പരിശീലിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ഏപ്രിലിൽ ഒരു അപ്രന്റിസ്‌ഷിപ്പ് മേള സംഘടിപ്പിച്ചിരുന്നു. ഇനി മുതൽ എല്ലാ മാസവും മേള സംഘടിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

ഇന്ത്യയിലെ 200 ലധികം സ്ഥലങ്ങളിലായി ഇന്നാണ് (ജൂലായ് 11 തിങ്കളാഴ്ച) അടുത്ത മേള സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് സമയം. 36-ലധികം സ്ഥലങ്ങളിൽ നിന്നുള്ള 1000-ലധികം കമ്പനികൾ അപ്രന്റീസ്ഷിപ്പ് മേളയിൽ പങ്കെടുക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

അഞ്ചാം ക്ലാസും 12-ാം ക്ലാസും പാസ് ആയതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏതെങ്കിലും നൈപുണ്യ പരിശീലന പരിപാടിയിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ്, ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കേറ്റ് എന്നിവയിൽ ഏതെങ്കിലും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് മേളയുടെ ഭാ​ഗമായി സംഘടിപ്പിക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാം. വെൽഡർമാർ, ഇലക്‌ട്രീഷ്യൻമാർ, ഹൗസ്‌കീപ്പർമാർ, ബ്യൂട്ടീഷ്യൻമാർ, മെക്കാനിക്കുകൾ തുടങ്ങി 500-ലധികം വ്യത്യസ്ത മേഖലകളിൽ അവസരങ്ങൾ ഉണ്ടാകും.

പ്രധാൻ മന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേയുടെ ​നേട്ടങ്ങൾ

പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (National Council for Vocational Education and Training (NCVET)) നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേളയിലെത്തുന്ന കമ്പനികൾ, മേളയിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർഥികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനു പുറമേ അവരോടു സംവദിക്കുകയും ചെയ്യും. കുറഞ്ഞത് നാല് ജീവനക്കാരെങ്കിലും ഉള്ള ചെറുകിട വ്യവസായ സംരംഭങ്ങളും മേളയിൽ സാന്നിധ്യമറിയിക്കും.

''രാജ്യത്തുടനീളമുള്ള യുവാക്കൾക്ക് ഈ അപ്രന്റീസ്ഷിപ്പ് മേള നിരവധി തൊഴിലവസരങ്ങൾ നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കൂടുതൽ യുവാക്കൾക്ക് തൊഴിലസവരങ്ങൾ നൽകുക എന്നതാണ് ഈ മേളയുടെ പ്രാഥമിക ലക്ഷ്യമെങ്കിലും അടിസ്ഥാന തൊഴിൽ പരിശീലനത്തിനും ഇതുപോലുള്ള മേളകൾ ​ഗുണം ചെയ്യും എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അതിനാണ് ഞങ്ങൾ ഇവിടെ ശ്രമിക്കുന്നത്. രാജ്യത്തുടനീളം ഇത്തരം തൊഴിൽ പരിശീലന പരിപാടികൾ ഇപ്പോൾ നടക്കുന്നുണ്ട്. അവയൊക്കെ വിജയം കാണുന്നുമുണ്ട്'', കേന്ദ്ര സംരംഭ, നൈപുണ്യ വികസന മന്ത്രാലയം സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു,

ഏപ്രിൽ മാസത്തിൽ നടന്ന മേളയുടെ വിജയത്തിനു ശേഷമാണ് എല്ലാ മാസവും പിഎം നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്താൻ തീരുമാനിച്ചതെന്നും അഗർവാൾ പറഞ്ഞു. ''ഈ മേളകളിലൂടെ ഒരു ദശലക്ഷത്തിലധികം യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുക എന്നതാണ് ഞങ്ങൾ ലക്ഷ്യം'', രാജേഷ് അഗർവാൾ കൂട്ടിച്ചേർത്തു.
Previous Post Next Post