ആറന്മുള: ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ വിവാഹ മോതിരം ഒരാഴ്ചയ്ക്ക് ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നൈ സ്വദേശി നാഗരാജ്. ഒരാഴ്ച മുമ്പ് ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് നാഗരാജിന്റെ വജ്രമോതിരം നഷ്ടമായത്. നാഗരാജും മകനും പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നാഗരാജിന്റെ കയ്യില്‍ നിന്നും വജ്ര മോതിരം നദയില്‍ വീണു പോകുക ആയിരുന്നു.
കഴിഞ്ഞ 17 നാണ് സംഭവം. കുളിക്കുന്നതിനിടയിലാണ് നാഗരാജിന്റെ വിരലില്‍ നിന്ന് വിവാഹമോതിരം വെള്ളത്തില്‍ വീഴുന്നത്. അന്നു പമ്പയിൽ വെള്ളക്കൂടുതലായിരുന്നതിനാല്‍ മോതിരം കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് നാഗരാജ് നാട്ടിലേക്ക് മടങ്ങിയിരുന്നു. സത്രക്കടവിലെ ഫുള്‍ ടൈം ഫെറിമാന്‍ സന്തോഷ്‌കുമാര്‍ അവരുടെ ഫോണ്‍ നമ്പർ വാങ്ങിവച്ചിരുന്നു. പിന്നീട് വെള്ളം കുറഞ്ഞതോടെ നദിയില്‍ നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച മോതിരം ലഭിക്കുന്നത്.
വജ്രം പതിച്ചതും 2 പവനിലധികം തൂക്കം വരുന്നതുമായ മോതിരം ഒരു മണിക്കൂറോളം നദിയില്‍ മുങ്ങി നടത്തിയ തിരച്ചിലിലാണ് കിട്ടിയത്. നാഗരാജ് ഇന്നലെയെത്തി മോതിരം ഏറ്റുവാങ്ങി. നാഗരാജനെ കോഴഞ്ചേരിയിലെത്തിച്ചു ബസ് കയറ്റിവിട്ട ശേഷമാണ് സന്തോഷ് മടങ്ങിയത്. വീണ്ടും താന്‍ വരുമ്ബോള്‍ കാണാം എന്നു പറഞ്ഞാണ് അദ്ദേഹം തിരികെ പോയത്.