Honda Dio ഉണ്ടോ? തിരുവനന്തപുരത്താണോ താമസം? പൊലീസുണ്ട് പുറകേ


തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ എങ്ങുമെത്താതെ അന്വേഷണം. പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കുഴഞ്ഞതോടെ അക്രമി എത്തിയ സ്കൂട്ടറിന്റെ പുറകെയാണ് പൊലീസിന്റെ അന്വേഷണം. അക്രമിയെത്തിയ ഹോണ്ട ഡിയോ സ്കൂട്ടറാണ് പൊലീസ് തിരയുന്നത്. അത്തരം മോഡല്‍ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 
എന്നാൽ ഹോണ്ട ഡിയോ സ്കൂട്ടർ ഉള്ളവർ പൊലീസ് സ്റ്റേഷനിൽ ഇറങ്ങി മടുക്കുകയാണ്. സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ ആഴ്ചകളായി പൊലീസ് ശേഖരിക്കുന്നു. ഇവരെ ഫോൺ വഴി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എകെജി സെന്റർ‌ അക്രമിച്ച ദിവസം എവിടെയായിരുന്നു എങ്ങോട്ട് പോയി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. രണ്ടും മൂന്നും ദിവസം സ്റ്റേഷനിൽ കയറിയിറങ്ങി പലരും മടുത്തു, നിലവിൽ‌ ഇത്തരത്തിൽ പൊലീസ് രണ്ടായിരത്തിലേറെ വാഹനങ്ങളാണ് പരിശോധിച്ചത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടും പൊലീസിന് പ്രതിയെക്കുറിച്ച് തുമ്പൊന്നും ലഭിക്കാതെ വന്നതോടെയാണ് സ്കൂട്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്ക് തിരിഞ്ഞത്.


അക്രമി സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പര്‍ തിരിച്ചറിയാൻ ദൃശ്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ സിഡിറ്റിൻ്റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
പ്രതി ഒറ്റയ്ക്ക് അക്രമം നടത്തി മടങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ചുവപ്പ് നിറത്തിലെ ഡിയോ സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നിഗമനം.സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്ന സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷണ സംഘം സി-ഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ്  സി-ഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്താനാണ് ശ്രമം.
Previous Post Next Post