ലോഡ്ജ് വളഞ്ഞ് പോലീസിന്റെ MDMA വേട്ട; യുവതിയടങ്ങുന്ന സംഘം പിടിയിൽ, കണ്ടെടുത്തവയിൽ ലൈംഗിക ഉപകരണങ്ങളും








പത്തനംതിട്ട:
കഴിഞ്ഞദിവസം പന്തളത്ത് നടന്നത് തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടകളിലൊന്നാണെന്ന് പോലീസ്. കഴിഞ്ഞദിവസം പന്തളത്തെ ലോഡ്ജില്‍നിന്നാണ് 154 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചുപേരെ പോലീസ് സംഘം പിടികൂടിയത്. 

അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്‍.രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്‍(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്.

 പ്രതികളില്‍നിന്ന് കഞ്ചാവ് പൊതിയും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ഒമ്പത് മൊബൈല്‍ഫോണുകളും രണ്ട് കാറുകളും ഒരു ബൈക്കും പോലീസിന്റെ കസ്റ്റഡിയിലാണ്.

പ്രതികളില്‍നിന്ന് പിടികൂടിയ എം.ഡി.എം.എ. ലഹരിമരുന്നിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. മൂന്നുമാസമായി ഇവരെ പോലീസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം പന്തളത്തെ ലോഡ്ജില്‍ റെയ്ഡ് നടത്തി  പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി.യും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.

വെള്ളിയാഴ്ച രാവിലെ രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജില്‍ മുറിയെടുത്തത്. മറ്റുപ്രതികള്‍ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. നാല് ഗ്രാം എം.ഡി.എം.എ. ഒരാളുടെ കൈയില്‍നിന്നാണ് പിടിച്ചെടുത്തത്. ബാക്കി ലഹരിമരുന്ന് ഇവരുടെ ബാഗുകളിലായിരുന്നു. പിടിയിലായ പ്രതികളെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ കൂടിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. പ്രതികളിലൊരാളുടെ കാമുകിയാണ് പിടിയിലായ യുവതിയെന്നാണ് പോലീസ് പറയുന്നത്. ഇവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണ്. പിടിയിലായവര്‍ക്കൊന്നും കാര്യമായ ജോലിയില്ലെന്നും ലഹരിമരുന്ന് വില്‍പ്പനയിലൂടെയാണ് ഇവര്‍ പണമുണ്ടാക്കുന്നതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരു, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് സംഘത്തിന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയിരുന്നത്. ഇതിനുപുറമേ, മറ്റു പലസ്ഥലങ്ങളില്‍നിന്നും ഇവര്‍ എം.ഡി.എം.എ. എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു. ലഹരിമരുന്ന് പത്തനംതിട്ടയില്‍ എത്തിച്ച ശേഷം പങ്കിട്ട് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.

പ്രതികള്‍ തങ്ങിയ ഹോട്ടല്‍മുറിയില്‍നിന്ന് ലൈംഗിക ഉത്തേജന മരുന്നുകളും ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. പ്രതികളുടെ മൊബൈല്‍ഫോണ്‍ വിളികളും മറ്റു മെസേജുകളും പോലീസ് പരിശോധിച്ചുവരികയാണ്. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു  നല്‍കുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിലെ തുടരന്വേഷണത്തിനായി പന്തളം പോലീസ് ഇന്‍സ്‌പെക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Previous Post Next Post