തലശേരി: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. സഹകരണ സ്ഥാപന ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് പി വി കൃഷ്ണകുമാറിനാണ് തലശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. എടക്കാട് പോലീസാണ് കൃഷ്ണകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇയാൾ പോലീസിൽ കീഴടങ്ങാൻ സാധ്യതയുണ്ട്. കണ്ണൂർ കോർപറേഷനിലെ തോട്ടട കിഴുന്ന വാർഡും മെമ്പറും കോൺഗ്രസ് പ്രാദേശികനേതാവുമാണ് കൃഷ്ണകുമാർ. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് കൃഷ്ണകുമാറിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും ജില്ലാ കോൺഗ്രസ് നേതൃത്വം പുറത്താക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 15 നാണ് കേസിനാസ്പദമായ സംഭവം. സഹകരണ സ്ഥാപനത്തിൽ ജീവനക്കാരിയെ ഭരണ സമിതി അംഗമായ കൃഷ്ണകുമാർ ആരുമില്ലാത്ത സമയത്ത് ഓഫിസിലെ മുറിയിൽ വെച്ചു ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കോൺഗ്രസ് പ്രവർത്തകന്‍റെ ഭാര്യ കൂടിയാണ് പരാതിക്കാരി. യുവതി വീട്ടിൽ വിവരം പറഞ്ഞതനുസരിച്ച് ഭർത്താവിനൊപ്പം എടക്കാട് പൊലിസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്താണ് കേസ് അന്വേഷണം നടത്തുന്നത്. കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയ കൃഷ്ണകുമാറിനായി പോലിസ് തെരച്ചിൽ നടത്തിവരികയാണ്.
ഇയാൾ ചെന്നൈയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് സൈബർ പോലീസ് അന്വേഷണം നടത്തിവരുന്നത്. സംസ്ഥാനത്തെ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിന്‍റെ ഉറ്റ അനുയായിയാണ് കൃഷ്ണകുമാർ അറിയപ്പെടുന്നത്. കണ്ണൂർ ബ്ളോക്ക് ഭാരവാഹിയായിരുന്ന കൃഷ്ണകുമാർ കോൺഗ്രസ് ശക്തികേന്ദ്രമായ കിഴുന്നയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പീഡന കേസിൽ പ്രതിയായ കൃഷ്ണകുമാർ കൗൺസിലർ സ്ഥാനം രാജി വയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് എൽ ഡി എഫ് ഇന്നലെ കോർപറേഷനു മുൻപിൽ ധർണയും നടത്തിയിരുന്നു. കൗൺസിലർക്കെതിരെ പരാതി ഉയർന്നത് മുതൽ രാജി ആവശ്യപ്പെട്ട് സിപിഎം സമര രംഗത്തുണ്ട്.