ഇഡി റെയ്ഡ്?; സോണിയയുടെ വീടിന് മുന്നില്‍ വന്‍ പൊലീസ് വിന്യാസം; എഐസിസി ആസ്ഥാനത്ത് സിആര്‍പിഎഫ്




ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സീല്‍ ചെയ്തതിന് പിന്നാലെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് സിആര്‍പിഎഫിനെ വിന്യസിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വസതിക്ക് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെയും നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എത്തുന്നു.

ഇഡി സീല്‍ ചെയ്തതിന് പിന്നാലെ അനുവാദമില്ലാതെ ഓഫിസ് തുറക്കരുതെന്നും നിര്‍ദേശിച്ചു. നാഷനല്‍ ഹെറള്‍ഡ് ഹൗസിനകത്താണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും യങ് ഇന്ത്യയില്‍ 76 ശതമാനം ഓഹരിയുണ്ട്.

അതേസമയം എഐസിസി ആസ്ഥാനത്തേക്കുള്ള റോഡ് ഉപരോധിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസ് ആസ്ഥാനത്തിന് സുരക്ഷയേര്‍പ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.  

നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ നേരത്തെ മണിക്കൂറുകളോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
പിന്നാലെയാണ് ഓഫിസ് ഇഡി സീല്‍ ചെയ്തത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.
Previous Post Next Post