ചെന്നൈ : ഭരണകൂട സംവിധാനങ്ങളെ വിമർശിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ (ഐപിസി) കീഴിൽ വരുന്ന കുറ്റമല്ലെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ ഇട്ടതിനു വളർമതി എന്ന യുവതിക്കെതിരെ ഐപിസി വകുപ്പുകൾ ചുമത്തി പൊലീസ് എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണു വിധി.
ആപ്പിൾ ഐഫോൺ ഘടക നിർമാതാക്കളായ ഫോക്‌സ്‌കോണിന്റെ ശ്രീപെരുംപുത്തൂരിലെ പ്ലാന്റിലെ വനിതാ തൊഴിലാളി ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെയും തുടർന്നുണ്ടായ പ്രതിഷേധങ്ങളെയും കുറിച്ചായിരുന്നു പോസ്റ്റ്. എന്നാൽ, സർക്കാർ സംവിധാനങ്ങളെ വിമർശിച്ചതും തൊഴിലാളികൾക്ക് ചികിത്സാ സൗകര്യം തേടിയതും പരസ്പരം ശത്രുത വളർത്തുക, പൊതു സമാധാനം തകർക്കുക എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരമാകില്ലെന്ന വാദം കോടതി അംഗീകരിച്ചു.