വിദ്യാലയങ്ങളിൽ മൊബൈൽ നിരോധിക്കുന്നത് പരിഗണനയിൽ; മന്ത്രി.


പാലക്കാട്: വിദ്യാലയങ്ങളിൽ കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാകിരണം മിഷന്റെ ഭാഗമായി കൊടുമുണ്ട വെസ്റ്റ് ഗവ. ഹൈസ്‌കൂളിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഓൺ ലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് കുട്ടികൾക്ക് മൊബൈൽ നിർബന്ധമാക്കിയത്. എന്നാൽ, ഇന്നിത് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും മൊബൈൽ വേണ്ടെന്ന നിലപാടാണ് പൊതുവെ ഉയർന്നു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
      കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പു വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വികസനത്തിന് കിഫ്ബി വഴി അനുവദിച്ച 70,000 കോടിയിൽ 2,336 കോടിരൂപ സ്‌കൂളുകളുടെ പുരോഗതിക്ക് മാറ്റി വെച്ചതായും മന്ത്രി പറഞ്ഞു. കിഫ്ബിയിൽ നിന്ന് ലഭിച്ച ഒരുകോടി രൂപയ്ക്കാണ് കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്‌കൂൾ ചുറ്റുമതിലും പ്രവേശന കവാടവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി. മനോജ്കുമാർ, ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ കെ.സി. സുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയദ്ധ്യക്ഷ എ. ഷാബിറ, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ, പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കറിയ, വൈസ് പ്രസിഡന്റ് നിഷിത ദാസ്, പ്രധാനാദ്ധ്യാപിക സി. യമുന, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഡി. ഷാജിമോൻ, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post