ജീവിക്കാൻ പണമില്ല; കൂടുതൽ ശ്രീലങ്കൻ യുവതികൾ ലൈംഗികത്തൊഴിലിലേക്ക് ?





കൊളംബോ : 
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്ന യുവതികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയാണെന്നു റിപ്പോർട്ട്. 

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായതോടെ ടെക്സ്റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി യുവതികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി ‘ദ് മോണിങ്’ റിപ്പോർട്ട് ചെയ്‌തു.

ശ്രീലങ്കയില്‍ നിയമം മൂലം നിരോധിച്ചതാണ് ലൈംഗികത്തൊഴിൽ. സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ കൊളംബോയിലാണ് കൂടുതലായും ലൈംഗികത്തൊഴിൽ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നിൽക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ഇരുപത്തൊന്നുകാരിയായ റെഹാന (യഥാർഥ പേരല്ല) പറയുന്നു. ‘‘കുറച്ചു നാള്‍ മുന്‍പു വരെ ശാന്തമായിരുന്നു ജീവിതം. തുണിമില്ലില്‍ ജോലിക്ക്. വരുമാനം കുറവായിരുന്നു. എങ്കിലും ഞാനും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്നു’’– വാർത്താ എജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ റെഹാന പറയുന്നു.

‘‘കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്‌പാ ഉടമ എന്നെ സമീപിച്ചു. അയാൾക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു ‘നോ’ പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്‌ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയിൽ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാൻ പണം വേണം. അതിനായി ശരീരം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.’’ –റെഹാന പറയുന്നു.

‘‘വിവാഹമോചിതയാണ് ഞാൻ. എഴു വയസ്സുള്ള മകളുണ്ട്. വീടിന് വാടക നൽകണം. മകൾക്ക് ഫീസിനു പണം വേണം. വിശപ്പ് മാറണമെങ്കിൽ പണം വേണം. ലൈംഗികത്തൊഴിലല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല’’– നാൽപത്തൊന്നുകാരിയായ ഒരു വീട്ടമ്മ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

 ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം വർധനയുണ്ടായതായി ലൈംഗിക തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡ് അപ് മൂവ്മെന്റ് ലങ്ക (എസ്‌യുഎംഎൽ) എന്ന സന്നദ്ധ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

കൊളംബോയിലെ സ്‍പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ ലൈംഗികത്തൊഴിൽ നടക്കുന്നുണ്ടെന്ന് അധികൃതർക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരിൽ ഏറെയും. പെട്ടെന്ന് പണം ഉണ്ടാക്കാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളാണ് ഇത്തരം തൊഴിലിൽ കൂടുതൽ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ലൈംഗികത്തൊഴിൽ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണെന്നും അഷില ദണ്ഡേനിയ പറയുന്നു.


Previous Post Next Post