ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു






മണിയൻ
 

തൃശൂർ: ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശിയായ വർഗീസ് എന്ന മണിയൻ്റ മൃതദേഹമാണ് വലപ്പാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞത്. ഇയാൾക്കൊപ്പം ​​ഗിൽബർട്ട് എന്നയാളെയാണ് കാണാതായത്. 

തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് വള്ളം മറിഞ്ഞത്. ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് യന്ത്രം തകരാറായതിനെ തുടർന്ന് വള്ളം തിരയിൽപ്പെട്ട് മറിഞ്ഞത്. 

ബ്ലാങ്ങാട് ബീച്ചിൽ നിന്നാണ് ആറംഗ സംഘം കടലിൽ പോയത്. ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപത്ത് വെച്ചാണ് വള്ളം മറിഞ്ഞത്. തിരുവനന്തപുരം പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ് അപകടത്തിൽ പെട്ട വള്ളത്തിൽ നിന്ന് പ്രതികൂല സാഹചര്യത്തിലും നീന്തിക്കയറി രക്ഷപെട്ടത്.  

കാണാതായ മണിയൻ, ഗിൽബർട്ട് എന്നിവരെ കണ്ടെത്താനായി കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ വന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാവാതെ തിരിച്ചുപോയിരുന്നു. കോസ്റ്റൽ ​ഗാർഡിന്‍റെ കപ്പലും തിരച്ചിലിനായി ഇറങ്ങിയിരുന്നു. കടൽ ക്ഷോഭം കൂടുതലായതിനാൽ ബോട്ടുകളിറക്കി അന്വേഷണം നടത്താനാവാതെ അധികൃതരും നിസഹായ അവസ്ഥയിലായിരുന്നു. 
Previous Post Next Post