പോപ്പുലർ ഫ്രണ്ട് ഹർത്താൽ, അറസ്റ്റിലായത് 170 പേർ, ഏറ്റവും കൂടുതൽ അറസ്റ്റ് കോട്ടയത്ത്


കോട്ടയം : പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമം. കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർത്തു. കൊല്ലത്ത് ബൈക്കിലെത്തിയ ഹർത്താലനുകൂലികൾ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി. ആക്രമണങ്ങളിൽ 157 കേസുകളിലായി 170 പേരെ അറസ്റ്റ് ചെയ്തു. കോട്ടയത്താണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്.  സമാധനപരമായി തുടങ്ങിയ ഹർത്താൽ വളരെ പെട്ടെന്നാണ് അതിക്രമങ്ങളിലേക്ക് ഗതിമാറിയത്. നിരത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കാട്ടാക്കടയിലും ബാലരാമപുരത്തും ആറ്റിങ്ങലിലും ബസ് എറിഞ്ഞു തകർത്തു. അക്രമത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ സുനിൽ കുമാറിന്റെ കണ്ണിന് പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. ഇരവിപുരം സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആർ ക്യാമ്പിലെ കോണ്സ്റ്റബിൾ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമായിരുന്നു. പന്തളത്തും, ആനപ്പാറയിലും ,കോന്നി ഇളകൊള്ളിയൂരിലും,കുളത്തിങ്കലിലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.  ആലപ്പുഴ ജില്ലയിലെ വിവിധ ഇടങ്ങളിലും വാഹനങ്ങൾക്ക് നേരെ ആക്രമണം നടന്നു. കാക്കാഴം പാലത്തിൽ ചരക്ക് ലോറിയുടെ നേർക്കുണ്ടായ കല്ലേറില് ഡ്രൈവർക്ക് പരിക്കേറ്റു. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.

Previous Post Next Post