പ്രജിനും ഭാര്യ ദർശനയും നഴ്സിം​ഗ് വിദ്യാർത്ഥികൾ; പിടിയിലായത് 200 ലഹരി ​ഗുളികകളുമായി


തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ചാക്ക ബൈപ്പാസ് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. 200 നെട്രോസെപാം ഗുളികകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ബൈക്കില്‍ വരികയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ഏകദേശം 109 ഗ്രാമോളം വരുന്ന 200 ഗുളികകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ചിറയിന്‍കീഴ് കുന്തള്ളൂര്‍ സ്വദേശിയാണ് 27കാരനാണ് പ്രജിന്‍. കൊല്ലം പുത്തനമ്പലം സ്വദേശിനിയാണ് 22 കാരിയായ ദര്‍ശന എസ് പിള്ള അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് ദര്‍ശനയും പ്രജിനും. മരുന്ന് വില്‍പ്പനയ്ക്കായി എത്തിച്ചതാണോ അതോ സ്വന്തം ഉപയോഗത്തിനായാണോയെന്ന് വ്യക്തമല്ല. പ്രജിനെ ഒന്നാം പ്രതിയായും ദര്‍ശനയെ രണ്ടാം പ്രതിയായും ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മലപ്പുറം വഴിക്കടവില്‍ ബെംഗളൂരുവില്‍ നിന്നും 75 ഗ്രാം എംഡിഎംഎയുമായി എത്തിയ ദമ്പതികളെ പിടികൂടിയിരുന്നു. പരിശോധനയിൽ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ എക്സൈസ് ഇന്‍സ്പെക്ടർ കെ.സാജു , പ്രിവന്റീവ് ഓഫീസർ(gr) ബിജു കുമാര്‍, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, അജിത്ത് , അൽത്താഫ്, അഭിജിത്ത് , വനിത സിവിൽ എക്സൈസ് ഓഫീസർ സജീന എന്നിവർ പങ്കെടുത്തു.

Previous Post Next Post