കുവൈറ്റ് സിറ്റി: വിവിധ കാരണങ്ങളാല്‍ നാടുകടത്താന്‍ വിധിക്കപ്പെട്ട് ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്ന പ്രവാസികളെ സ്വന്തം നാടുകളിലേക്ക് അയക്കാനാവാതെ അധികൃതര്‍ പ്രതിസന്ധിയില്‍. ഇവരെ നാട്ടിലേക്ക് അയക്കുന്നതിനുള്ള വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുകാരണം നാടുകടത്തല്‍ കാത്തുകഴിയുന്ന 1300 പേര്‍ ഉള്‍പ്പെടെ 3500 പ്രവാസികള്‍ ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.നാടുകടത്തപ്പെടുന്ന പ്രവാസികള്‍ക്കുള്ള വിമാന ടിക്കറ്റ് ലഭ്യമാക്കുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നിലവിലുണ്ടായിരുന്ന കരാറിന്റെ കാലാവധി ഓഗസ്റ്റ് പകുതിയോടെ അവസാനിച്ചു. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയലില്‍ അധികൃതര്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതാണ് പ്രശ്‌നത്തിന് കാരണം. നിലവില്‍ നാടുകടത്താനായി കേന്ദ്രത്തില്‍ എത്തിച്ചിരിക്കുന്ന പ്രവാസികളെ കയറ്റിവിടാന്‍ കഴിയാത്തതു കാരണം പ്രതിസന്ധിയിലാണ് ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രം. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ഇവിടെ കഴിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിലപാടിലാണ് കേന്ദ്രം അധികൃതര്‍. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം വിവിധ കാരണങ്ങളാല്‍ നാടുകടത്താന്‍ വിധിക്കപ്പെട്ടവര്‍ ഒന്നുകില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോവണം. അതിന് കഴിയാത്തവരുടെ ടിക്കറ്റ് അവരവരുടെ സ്‌പോണ്‍സര്‍മാരാണ് നല്‍കേണ്ടത്. ഇതുവരെ ആവശ്യത്തിന് അനുസരിച്ച് വിമാന ടിക്കറ്റ് എടുത്ത് നല്‍കുന്നത് കരാര്‍ കമ്പനിയാണ്. അവര്‍ തുക സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഈടാക്കുകയാണ് ചെയ്യുക. എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ച സ്ഥിതിക്ക്, സ്വന്തമായി വിമാന ടിക്കറ്റ് എടുക്കാന്‍ സന്നദ്ധരായവരെ മാത്രമേ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ കേന്ദ്രം അധികൃതര്‍ക്ക് സാധിക്കുന്നുള്ളൂ.
നാടുകടത്തേണ്ട പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്ല; ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ 3500ലേറെ പേര്‍
jibin
0
Tags
Top Stories