പുടിന്റെ യുദ്ധപ്രഖ്യാപനം; റഷ്യയിൽ പ്രതിഷേധം ശക്തമാകുന്നു; 500-ലധികം പേർ കസ്റ്റഡിയിൽ


മോസ്കോ: കരുതൽ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാൻ നിർദ്ദേശ നൽകിയതായ വാർത്തകൾ പുറത്തുവന്നതോടെ റഷ്യയിൽ പുടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനപ്പെട്ട റഷ്യൻ നഗരങ്ങളിൽ എല്ലായിടുത്തും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിനെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പോലീസ് 500ലധികം ആളുകളെ കസ്റ്റഡിയിൽ എടുത്തതായും സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പായ ഒവിഡി ഇൻഫോ പറയുന്നു. തിരിച്ചടി ശക്തമാക്കുമെന്നും പാശ്ചാത്യ ശക്തികൾക്ക് മറുപടി നൽകാൻ റഷ്യയുടെ കൈവശം ആണവായുധങ്ങൾ ഉൾപ്പെടെ സജ്ജമാണെന്നും പുടിൻ പറഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ ശക്തമായത്.  രാജ്യത്തെ മൂന്ന് ലക്ഷത്തോളം വരുന്ന റിസർവ് സൈനികരോട് സേവനത്തിനായി രംഗത്തിറങ്ങാൻ ഉത്തരവിട്ടിരുന്നു. അതിന് പുറമെ, 18നും 65നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  രാജ്യംവിടാൻ ഒട്ടേറെപേർ വിമാന ടിക്കറ്റിന് തിരക്ക് കൂട്ടിയതോടെ പ്രത്യേക അനുമതിയില്ലാതെ ടിക്കറ്റ് നൽകരുതെന്നും ടിക്കറ്റ് നൽകരുതെന്ന് റഷ്യൻ എയർലൈൻസ് നിർദ്ദേശിച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്സ്ബർഗിൽ നടത്തിയ സമരത്തിൽ പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാർജ് നടത്തുന്നതിന്റെ ചിത്രങ്ങൾ ഒവിഡി-ഇൻഫോയുടെ ടെലിഗ്രാം ചാനലിൽ പുറത്തുവിട്ടിരുന്നു. സമാനമായി തന്നെ മറ്റ് റഷ്യൻ നഗരങ്ങളിലും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. നിരവധി ആളുകളാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് എന്ന് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒവിഡി പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇർകുട്‌സ്‌ക്, ക്രാസ്‌നോയാർസ്ക്, യെക്കാറ്റെറിൻബർഗ്, ചെല്യാബിൻസ്‌ക്, നോവോസിബിർസ്‌ക്, ഉലാൻ-ഉഡെ, ടോംസ്‌ക്, യുഫ, പെർം, ബെൽഗൊറോഡ്, മോസ്‌കോ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധവും തുടർന്ന് അറസ്റ്റും ഉണ്ടായിട്ടുണ്ട്. റഷ്യ യുക്രൈൻ യുദ്ധം ഏഴ് മാസത്തോളം എത്തി നിൽക്കുന്ന സാഹചര്യത്തിൽ യുദ്ധക്കളത്തിൽ തങ്ങളുടെ അപ്രമാദിത്യം നഷ്ടപ്പെടുന്നുവെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം എന്നാണ് റിപ്പോർട്ട്. അതേസമയം, റഷ്യയുടെ നടപടിക്കെതിരെ യുക്രൈനും രംഗത്തുവന്നിട്ടുണ്ട്. യുദ്ധത്തിലെ തിരിച്ചതി അംഗീകരിക്കലാണ് പുടിന്റെ ഭീഷണി കൊണ്ട് വ്യക്തമാകുന്നത് എന്നാണ് പ്രതികരിച്ചത്. ഇതത്തരത്തിലുള്ള നീക്കം പ്രതീക്ഷിച്ചിരുന്നുവെന്നും ആണവായുധം പ്രയോഗിക്കാൻ ലോകം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന് തങ്ങളുടെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും യുഎസും യൂറോപ്യൻ രാജ്യങ്ങളും ആവർത്തിച്ചു.

Previous Post Next Post