54 വില്ലകളും കുളവും: കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി; ആദ്യം 2 വില്ലകൾ



പൂച്ചാക്കൽ (ആലപ്പുഴ):  തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ചതിനാൽ പൊളിച്ചുമാറ്റണമെന്നു സുപ്രീംകോടതി ഉത്തരവിട്ട പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട്  പൊളിച്ചു തുടങ്ങി. 

റിസോർട്ട് ഉടമകളാണ് പൊളിക്കലിന്റെ ചെലവ് വഹിക്കുന്നത്. പൊളിച്ച സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉടമകൾ കരാർ നൽകിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ കായലിലേക്ക് വീണ് മലിനീകരണം പാടില്ലെന്നു നിർദേശമുണ്ട്. 
ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ റിസോർട്ട് ഉടമകൾ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും നൽകിയിട്ടുണ്ട്. ഇതിന് ഇന്നലെ അംഗീകാരം നൽകി. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കേണ്ടത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഇതിൽ രണ്ടു വില്ലകളാണ് ആദ്യം പൊളിക്കുന്നത്. 6 മാസംകൊണ്ട് പൊളിക്കൽ പൂർത്തിയാക്കാനാണ് പദ്ധതി.

തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തിൽ വൈകിയ പൊളിക്കലാണ് ഇന്നു തുടങ്ങിയത്.


Previous Post Next Post