കോട്ടയം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഉണ്ണികൃഷ്ണനാണ് (45) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദേഹത്തിന്റെ ഭാര്യ മഞ്ജുഷയാണ് (35) കരള്‍ പകുത്ത് നല്‍കിയത്. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍ എന്നിവരുടെ ഏകോപനത്തില്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സര്‍ക്കാര്‍ മേഖലയിലെ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സജ്ജമാക്കി വരുന്നതായി മന്ത്രി പറഞ്ഞു.