കോഴിക്കോട്; സിനിമ പ്രമോഷനിടെ യുവനടിമാർക്കെതിരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് മോശം അനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായി സിനിമയിലെ നടൻ ഉൾപ്പടെയുള്ള ടീമാണ് മാളിൽ എത്തിയത്. പ്രമോഷൻ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് ഒരാൾ നടിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ സാധിച്ചില്ലെന്നും മരവിച്ചു നിൽക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
അതിനു പിന്നാലെ വന്ന മറ്റൊരു നടിക്കും സമാനമായ അനുഭവമുണ്ടായി. ഈ നടി ഇതിനെതിരെ പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാൾക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രമോഷന്റെ ഭാഗമായി പലസ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും എന്നാൽ അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് ഉണ്ടായതെന്നും അക്രമിക്കപ്പെട്ട നടി പറഞ്ഞു.