മുഖ്യമന്ത്രി പുറത്തിറങ്ങവെ വാഹനത്തിനരികിലേക്ക് തെരുവ് നായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ; സംഭവം ഡൽഹിയിൽ


ന്യൂഡൽഹി: ഡൽഹിയിൽ സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിരികിലെത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു. എകെജി ഭവനിലെത്തിയ പിണറായി കാറിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് ഡൽഹിയിൽ നിന്നുള്ള വാർത്ത പുറത്ത് വരുന്നത്. പത്തനംതിട്ടയിൽ ഇന്നലെ മജിസ്ട്രേറ്റിനും തെരുവ് നായയുടെ കടിയേറ്റിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെ മജിസ്ട്രേറ്റിനാണ് തെരുവ് നായ യുടെ കടിയേറ്റത്. ബുധനാഴ്ത രാത്രി ഇദ്ദേഹം വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോഴാണ് നായ ആക്രമിച്ചത്. നായയുടെ കടി ഏറ്റതിനെ തുടർന്ന് അദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട്ട് ഇന്ന് രണ്ടിടത്താണ് തെരുവ് നായ കാരണം അപകടം ഉണ്ടായത്. കോഴിക്കോട് ഉള്ളിയേരി പാതയിൽ തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്നലെ ആർധരാത്രിയോടെ മാവൂർ കൽപ്പളളിയിലാണ് സംഭവം. ചെറൂപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ, അഭിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ കട്ടപ്പനയിൽ കട്ടപ്പന നിർമലാസിറ്റിയിൽ വയോധിക അടക്കം രണ്ടു പേർക്ക് തെരുവുനായ ആക്രമണത്തിൽ കടിയേറ്റിരുന്നു. ബുധനാഴ്ച്ച രാവിലെ ആറു മണിയോടെ കട തുറക്കാനായി നടന്നുപോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവുനായ ലളിതയെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ഇവരുടെ കൈപ്പത്തി നായ കടിച്ചുകീറി. നടുവിനേറ്റ കടിയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അലർച്ച കേട്ടെത്തിയ മകനാണ് വയോധികയെ രക്ഷപ്പെടുത്തിയത്.

Previous Post Next Post