പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയെന്ന് ഇ ഡി






ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറില്‍വച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ജൂലായ് 12-ന് പട്‌നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിക്കെതിരെ അക്രമം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലയളവിലും നരേന്ദ്ര മോദി പട്‌നയില്‍ പങ്കെടുത്ത റാലിക്കിടെ ആക്രമണം ഉണ്ടായിരുന്നു. 2013 ല്‍ പട്‌നയില്‍ നരേന്ദ്ര മോദി പങ്കെടുത്ത റാലിക്കിടെ ഇന്ത്യന്‍ മുജാഹദീന്‍ ഭീകരരാണ് ഭീകരാക്രമണം നടത്തിയത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നത്.

പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും, തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കും നേരെ ഒരേസമയം അക്രമം നടത്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിട്ടുണ്ട്. ഈ സംഘങ്ങള്‍ക്കായി മാരകമായ ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ പോപ്പുലര്‍ ഫ്രണ്ട് ശേഖരിച്ചിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഷഫീഖ് പായേത്തിന് പുറമെ കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പര്‍വേസ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, അബ്ദുള്‍ മുഖീത്ത്. ഇതില്‍ പര്‍വേസ് മുഹമ്മദ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി ഘടകം പ്രസിഡന്റാണ്. ഈ നാല് പേര്‍ക്കെതിരെയും 2018 മുതല്‍ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.

ഖത്തറില്‍ ഉണ്ടായിരുന്ന ഷഫീഖ് പായേത്ത്, തന്റെ എന്‍ആര്‍ഐ അകൗണ്ടിലൂടെ പോപ്പുലര്‍ ഫ്രണ്ട്‌ന് എത്തിച്ച പണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വിനിയോഗിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. റിയല്‍ എസ്റ്റേറ്റ് സംരഭങ്ങളില്‍നിന്ന് ലഭിച്ച പണം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചതിന്റെ വിശദശാംശങ്ങളും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപവും, തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ഇതുവരെ 120 കോടിയോളം രൂപ സംഘടന പിരിച്ചതായും ഇ.ഡി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പണമായി ലഭിച്ച സംഭാവനയാണ്. പണം നിക്ഷേപിച്ച പലരും അജ്ഞാതരും, സംശയിക്കപ്പെടുന്നവരുമാണ്. വിദേശത്തുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അകൗണ്ടിലൂടെ അയക്കുന്ന പണം പോപ്പുലര്‍ ഫ്രണ്ട് എത്തിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരാതിരിക്കാനാണ് ഇത്തരം ഇടപാടെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Previous Post Next Post