വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപികയ്ക്ക് രക്ഷിതാവിന്റെ ക്രൂരമർദ്ദനം,മകന്‍ പഠനത്തില്‍ പിറകോട്ടാണെന്നും ഇതിന് കാരണം അധ്യാപികയാണെന്നും പറഞ്ഞായിരുന്നു മർദ്ദനം.


തമിഴ്‌നാട്:  തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപികയ്ക്ക് രക്ഷിതാവിന്റെ ക്രൂരമര്‍ദനം. പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയ്ക്കാണ് മർദ്ദനമേറ്റത്. വനകങ്ങാട് സ്വദേശി ചിത്രവേലിനെതിരെ പൊലീസ് കേസെടുത്തു.
ആലങ്കുടി കന്യന്‍ കൊല്ലിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ചിത്രവേല്‍ എന്ന രക്ഷിതാവെത്തി അധ്യാപികയെ മർദ്ദിക്കുകയായിരുന്നു.

ചിത്രവേലിന്റെ മകന്‍ പഠനത്തില്‍ പിറകോട്ടാണെന്നും ഇതിന് കാരണം അധ്യാപികയാണെന്നും പറഞ്ഞായിരുന്നു മർദ്ദനം. ഇയാള്‍ മദ്യപിച്ചിരുന്നതായി സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറഞ്ഞു.
ക്ലാസ് സമയത്ത് ക്ലാസ് മുറിയിലേക്ക് കയറിവന്ന ചിത്രവേല്‍, അധ്യാപികയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ അവസ്ഥ അധ്യാപിക പറയുന്നതിനിടെ പുറത്തിറങ്ങിയ ചിത്രവേല്‍, വീണ്ടും ക്ലാസിലേയ്ക്ക് കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ചിത്രാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വടഗാഡ് പൊലീസ് കേസെടുത്തത്.
Previous Post Next Post