തെരുവിൽ ഇറങ്ങിയ സ്ത്രീകൾ ഹിജാബ് കത്തിച്ച് നൃത്തച്ചുവടുകൾ വയ്ക്കുന്നു, കൈയ്യടിച്ച് ചുറ്റുമുള്ള പുരുഷന്മാർ; ഇറാനിൽ സംഭവിക്കുന്നതെന്ത്?


ടെഹ്റാൻ: ഹിജാബ് ധരിക്കാത്തതിൽ ഇറാൻ പോലീസ് അറസ്റ്റ് ചെയ്ത് യുവതി മാഷാ അമിനിയുടെ മരണത്തിൽ ഇറാനിൽ പ്രതിഷേധം കത്തുകയാണ്. പ്രതിഷേധം തുടങ്ങി അഞ്ചാം ദിവസം പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധത്തിന് സ്ത്രീകളാണ് മുൻപന്തിയിലാണുള്ളത്. തെരുവിൽ ഇറങ്ങിയ പ്രതിഷേധ സംഘം ഹിജാബ് വലിച്ച്കീറുകയും കത്തിക്കുകയും ചെയ്താണ് പ്രതിഷേധിച്ചത്. പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. ഇറാനിലുടനീളമുള്ള ഡസൻ കണക്കിന് നഗരങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യവും മുഴക്കിയാണ് തെരുവിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിലർ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.  1979ലെ പരിവർത്തിന് തൊട്ടുപിന്നാലെ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയ രാജ്യത്താണ് ഇത്തരത്തിൽ ഒരു പ്രതിഷേധം നടക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇറന്റെ വടക്കൻ നഗരമായ സരിയിൽ നിന്നുള്ള ഒരു വീഡിയോയിൽ, ഒരു സ്ത്രീ കൈയിൽ ശിരോവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് കാണാൻ സാധിക്കും. ശിരോവസ്ത്രം കത്തിക്കുന്ന സമയത്ത് ഒപ്പം കൂടിനിൽക്കുന്ന പുരുഷന്മാർ ആവേശത്തിൽ കൈയ്യടിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കാണാൻ സാധിക്കും. ഹിജാബ് വേണ്ടവിധം ധരിച്ചില്ല എന്നാരോപിച്ച ചൊവ്വാഴ്ചയാണ് 22 വയസ്സുകാരിയായ മഷാ അമീനി പോലീസ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറൻ പ്രവിശ്യയായ കുർദിസ്താനിൽനിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അമീനി. അറസ്റ്റ് ചെയ്ത ഇവരെ പോലീസ് വാനിൽ വച്ച് ക്രൂരമായി മർദ്ദിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. അതേസമയം പോലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.  അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം കസ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഹൃദയാഘാതമുണ്ടായതിനാൽ മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിക്കണമെന്നത് ഉൾപ്പെടെയുള്ള നിയമങ്ങൾ ഇറാനിൽ നടപ്പിലാക്കിയിരുന്നു. അതിന് പുറമെ ഇറുകിയ ട്രൗസറുകൾ, കീറിയ ജീൻസ്, കാൽമുട്ടുകൾ തുറന്ന് കാണിക്കുന്ന വസ്ത്രങ്ങൾ എന്നിവയ്ക്കും വിലക്കുണ്ട്. പുതിയ വസ്ത്രധാരണ നിയമം അനുസരിക്കാത്തവർക്ക് കടുത്തശിക്ഷ നൽകുമെന്നും ഇബ്രാഹിം റെയ്‌സി വ്യക്തമാക്കിയിരുന്നു.

Previous Post Next Post