കോഴിക്കോട്: പയ്യോളി അയനിക്കോട് പോക്‌സോ കേസ് പ്രതിയുടെ വീടിന് തീവച്ചു. അയല്‍വാസിയായ 10ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മജീദിന്റെ വീടിനാണ് ഇന്നലെ അര്‍ധരാത്രി തീവച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.
പെണ്‍കുട്ടിയും മുത്തശ്ശിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് മജീദ് അതിക്രമിച്ചെത്തിയത്. പ്രതി കുളിമുറിയിലേക്കടക്കം കയറി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടിച്ചത്. വൈകിട്ട് ഏഴ് മണിയോടെ പ്രതിയെ പൊലീസിന് ഏല്‍പ്പിച്ചു.
പ്രതിയെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷമാണ് പയ്യോളി സ്‌റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് മജീദിന്റെ വീടിന് തീവച്ചതായി വിവരം ലഭിച്ചത്. നാട്ടുകാര്‍ ആയിരിക്കാം തീ വച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. മജീദിനെ ഇന്ന് കോടതിയില്‍ ഹാജരാകും.