ചരിത്രത്തില്‍ ആദ്യമായി 'കണ്ടക്ടര്‍ ഇല്ലാതെ' കെഎസ്ആര്‍ടിസി, രണ്ടിടത്ത് മാത്രം സ്റ്റോപ്പ്


തിരുവനന്തപുരം: ജനശതാബ്ദി ട്രെയിന്‍ മോഡലില്‍ കെഎസ്ആര്‍ടിസി വരുന്നു. എന്‍ഡ് ടു എന്‍ഡ് ലോഫ്‌ളോര്‍ എസി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഈ സര്‍വീസിലൂടെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തില്‍ എത്തുന്നതിനും തിരികെ വരുന്നതിനും സാധിക്കും. ഈ ബസില്‍ കണ്ടക്ടര്‍ ഉണ്ടാകില്ലെന്ന പ്രത്യേകതയുണ്ട്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നത്. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 5.10 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസിന്റെ യാത്രാ ക്രമീകരണം. വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് തിരിച്ച് രാത്രി 9.50 ന് തിരുവനന്തപുരത്ത് എത്തും. ഈ സര്‍വീസിന് വേണ്ട് പുഷ് ബാക്ക് സീറ്റുള്ള രണ്ട് ബസുകള്‍ അനുവദിച്ചിട്ടുണ്ട്. ബസുകളില്‍ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷന്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഒരു മിനിറ്റ് വീതം നിര്‍ത്തും. കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ അല്ലാതെ മറ്റൊരു സ്ഥലത്തും സ്റ്റോപ്പ് ഉണ്ടാകില്ല. ഞായറാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അര മണിക്കൂര്‍ മുമ്പ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവുമുണ്ട്.

Previous Post Next Post