കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; യുവതിക്ക് എംഡിഎംഎ നല്‍കിയ ആള്‍ പിടിയില്‍



അറസ്റ്റിലായ നോബിള്‍, സൗമ്യ
 

തൊടുപുഴ: കാമുകനെ സ്വന്തമാക്കുന്നതിനായി യുവതി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകന്റെ സഹായത്തോടെ എംഡിഎംഎ ബൈക്കില്‍ ഒളിപ്പിച്ചത്.

നോബിൾ നോബർട്ട് ആണ് സൗമ്യയ്ക്ക് എംഡിഎംഎ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ‌കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു. ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ.

തിരുവനന്തപുരം പുത്തൻതോപ്പ് സ്വദേശിയായ നോബിൾ 2017 മുതൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ട്. ഇടയ്ക്കിടെ സിം കാർഡും മൊബൈൽ ഫോണും മാറ്റുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. 

ഭർത്താവിനെ ഒഴിവാക്കാൻ ​ഗൂഢപദ്ധതി

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സൗമ്യ അടക്കം മൂന്നു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഭര്‍ത്താവ് സുനില്‍ വര്‍ഗീസിനെ ഒഴിവാക്കി, കാമുകനും വിദേശമലയാളിയുമായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ (43) സ്വന്തമാക്കാനാണ് സൗമ്യ പദ്ധതിയിട്ടത്. 

സുനിലിന്റെ ബൈക്കില്‍ അഞ്ചു ഗ്രാം എംഡിഎംഎ സൗമ്യ ഒളിപ്പിക്കുകയായിരുന്നു. സുനിലിനെ പൊലീസ് പിടികൂടിയെങ്കിലും, പുകവലി പോലുമില്ലാത്ത സുനിലിനെ ആരോ കുടുക്കിയതാണെന്ന സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. കാമുകന്‍ വിനോദാണ് സൗമ്യയ്ക്ക് മയക്കുമരുന്ന് സംഘടിപ്പിച്ചു കൊടുത്തത്. 

തുടര്‍ന്ന് മയക്കുമരുന്ന് ഒളിപ്പിച്ചശേഷം ബൈക്കിന്റെ ഫോട്ടോയും ശബ്ദസന്ദേശവും കൊല്ലത്തു നിന്നും ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എംഡിഎംഎ സൗമ്യയ്ക്ക് കൈമാറിയ അന്നുതന്നെ വിനോദ് ഗള്‍ഫിലേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. 


Previous Post Next Post