കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം


ചെന്നൈ : കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം. പാമ്പ് പിടിത്തക്കാരനായ ജി നടരാജൻ (55) ആണ് മരിച്ചത്. പത്തടി നീളമുള്ള പെരുമ്പാമ്പാണ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കിയത്.
രക്ഷപ്പെടാന്‍ ആവുംവിധം ശ്രമിച്ചെങ്കിലും പാമ്പുമായി കിണറ്റില്‍ വീണ നടരാജ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്താണ് സംഭവം നടന്നത്.

കര്‍ഷകനായ ചിന്നസ്വാമിയുടെ കിണറ്റിലാണ് ഒരാഴ്ച മുമ്പ് മലമ്പാമ്പ് വീണത്. 50 അടി താഴ്ചയുള്ള കിണറാണിത്. പാമ്പിനെ പുറത്തെത്തിക്കാന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞയിടയ്ക്ക് മഴ പെയ്തതിനാൽ കിണറിന്റെ മുക്കാൽ ഭാ​ഗവും വെള്ളമുണ്ടായിരുന്നു.
ഇതേത്തുടർന്നാണ് പാമ്പിനെ പുറത്തെടുക്കാനായി നടരാജനെ ചിന്നസ്വാമി സമീപിച്ചത്. തുടർന്ന്, തങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നടരാജ് സ്ഥലത്ത് എത്തി. ഒരു കയറ് ഉപയോഗിച്ചാണ് ഇയാൾ കിണറ്റിലിറങ്ങി‌യത്.

എന്നാൽ, നടരാജിന്റെ കാലിലും ശരീരത്തിലും പാമ്പ് വരിഞ്ഞുമുറുക്കി. ഇതില്‍ നിന്ന് രക്ഷപ്പെടാൻ നടരാജ് ശ്രമം തുടങ്ങിയപ്പോഴേക്കും കഴുത്തിലും പാമ്പ് വരിഞ്ഞുമുറുക്കി.
തുടർന്ന് പാമ്പുമായി നടരാജ് വെള്ളത്തിലേക്ക് വീണു. ശ്വാസംമുട്ടിയാകാം ന‌ടരാജ് മരിച്ചതെന്ന് പൊലീസ് പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് വളരെ പണിപ്പെട്ടാണ് നടരാജിനെ പുറത്തെത്തിച്ചത്. അപ്പോഴേക്ക് നടരാജ് മരിച്ചു. പാമ്പിനെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Previous Post Next Post