പത്തനംതിട്ടയില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ കുറിപ്പെഴുതിവച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു


പത്തനംതിട്ട : പത്തനംതിട്ട പെരുന്നാട്ടില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെയും കുറിപ്പെഴുതി വച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. സിപിഐഎം അനുഭാവിയായ പെരുന്നാട് മേലേതില്‍ ബാബുവാണ് ആത്മഹത്യ ചെയ്തത്. പ്രദേശത്ത് പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ് നിര്‍മാണത്തെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബാബുവിന്റെ വീടിനോട് ചേര്‍ന്ന് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെയിറ്റിംഗ് ഷെഡ് ഉണ്ടായിരുന്നു. ഈ നിര്‍മിതിക്കായി തന്നോട് ചോദിക്കാതെ പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തെന്ന് ബാബു മുന്‍പ് തന്നെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശൗചാലയം ഉള്‍പ്പെടെയുള്ള പുതിയ നവീകരിച്ച വെയിറ്റിംഗ് ഷെഡ് ഇതേസ്ഥലത്ത് നിര്‍മിക്കുന്നതിനായി പഞ്ചായത്ത് തീരുമാനമെടുത്തത്. ഇതിനായി 15 ലക്ഷം രൂപ പഞ്ചായത്ത് അനുവദിക്കുകയും ചെയ്തിരുന്നു. വീടിനോട് ചേര്‍ന്ന് ശൗചാലയം ഉള്‍പ്പെടെ വന്നാല്‍ തനിക്ക് വീട്ടില്‍ സൈ്വര്യമായി ജീവിക്കാനാകില്ലെന്ന് ബാബു പരാതി ഉന്നയിച്ചു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ മൂന്ന് ലക്ഷം രൂപയും സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒരു ലക്ഷം രൂപയും ചോദിച്ചതായി ബാബു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post