ഹര്‍ത്താല്‍ 'വന്‍ വിജയമാക്കിയ' പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പോലീസിനും നന്ദി; പോപ്പുലര്‍ ഫ്രണ്ട്


തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് പോപ്പുലര്‍ ഫ്രണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്. 'ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നന്ദി' യെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് പിഎഫ്എ പ്രതികരിച്ചു. 'ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പോലീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നന്ദി', പിഎഫ്എ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നേതാക്കള്‍ അടക്കമുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി അനിഷ്ട സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം അരങ്ങേറിയത്. വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു കടകള്‍ തല്ലിപ്പൊളിച്ചും ഹര്‍ത്താല്‍ അനുകൂലികള്‍ നിറഞ്ഞാടുകയായിരുന്നു. 157 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 170 പേരെ അറസ്റ്റ് ചെയ്യുകയും 368 പേരെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കണ്ണൂര്‍ സിറ്റിയിലാണ്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഓരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 49 പേരെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഏറ്റവുംകുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പാലക്കാടും കണ്ണൂരുമാണ്. രണ്ട് സ്ഥലത്തും രണ്ട് വീതം കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 30 ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ 51 ബസ്സുകള്‍ക്ക് നാശനഷ്ടമുണ്ടായി, 11 ജീവനക്കാര്‍ക്ക് പരിക്കേറ്റതായും ഗതാഗത മന്ത്രി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് ആക്രമികള്‍ക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Previous Post Next Post