നടന്‍ നസ്ലെന്റെ പേരില്‍ മോദിക്കെതിരേ കമന്റിട്ടത് യു.എ.ഇയില്‍നിന്ന്; കേസിൽ നിർണായക വഴിത്തിരിവ്


കൊച്ചി: യുവനടൻ നെസ്‌ലിൻറെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് യുഎഇ യിൽ നിന്ന്. നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവിലാണ് കേസ്. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്ത് അയച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്ലെന്‍ കാക്കനാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ്​നസ്‌ലെന്‍ന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്‌ലെന്‍ വ്യക്തമാക്കിയിരുന്നു.

നസ്ലെന്റെ വാക്കുകള്‍

കുറച്ച് സുഹൃത്തുക്കള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്‌നത്തേക്കുറിച്ച് താനറിയുന്നതെന്ന് നസ്ലെന്‍ പറഞ്ഞു. ഫെയ്സ്ബുക്കില്‍ എനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെന്‍ പറയുന്നു.

കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലെന്‍. 

Previous Post Next Post