'രഹസ്യകോഡു'കളിലൂടെ ആഹ്വാനം, ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കണമെന്ന് ഏഷ്യന്‍ മുസ്ലിങ്ങളോട് ഐഎസ്


ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളില്‍ ഏഷ്യയിലെ മുസ്ലിങ്ങള്‍ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്). തെക്ക്, തെക്ക്- കിഴക്കന്‍ ഏഷ്യയിലെ മുസ്ലിങ്ങളോടാണ് ഐഎസിന്റെ പുതിയ ആഹ്വാനം. രഹസ്യകോഡുകളോടു കൂടി സമൂഹമാധ്യമത്തിലൂടെ ഐഎസ് ആഗോള വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. അബു ഉമര്‍ അല്‍- മുജാഹിര്‍ എന്ന വ്യാജപേരില്‍ അറിയപ്പെടുന്ന വക്താവ് ചൊവ്വാഴ്ചയാണ് പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യയിലുള്ള മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ഐഎസ് പ്രതിജ്ഞാബദ്ധമാണെന്നും അവിടെ സര്‍ക്കാരിന്റെ ആക്രമണത്തിന് ഇരയാണെന്നും വക്താവ് അവകാശപ്പെട്ടു. 'ഭയം നിങ്ങളെ വിഴുങ്ങി. അതിനാല്‍, നിങ്ങളുടെ മതത്തിന് വേണ്ടി നില്‍ക്കാനും ശത്രുക്കള്‍ക്കെതിരെ പൊരുതാനുമുള്ള ധൈര്യം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു', അല്‍- മുജാഹിര്‍ പറഞ്ഞു. 32 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ അറബിക് ഭാഷയിലൂടെയാണ് ആഹ്വാനം. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം. പ്രസംഗത്തിന് തൊട്ടുമുമ്പുള്ള ഒരു വീഡിയോയില്‍ ഐസ് ജിഹാദികള്‍ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട കുര്‍ദിഷ് മിലിറ്റിയയെ വധിക്കുന്നതായി കാണിക്കുന്നുണ്ട്. സംഘടനയുടെ തുടക്കം മുതല്‍ നടത്തിയ നിഷ്ഠൂരമായ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയതാണിത്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുര്‍ ശര്‍മയുടെ പരാമര്‍ശം വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിയ്‌ക്കെതിരെ ഐഎസ് ഭീഷണി മുഴക്കിയിരുന്നു. ന്യൂഡല്‍ഹിയില്‍ ഉള്‍പ്പെടെ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇത് സാക്ഷ്യം വഹിച്ചു.

Previous Post Next Post