റോഡിലേക്ക് ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുതെന്ന് ഹൈക്കോടതി







കൊച്ചി:
സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്. റോഡിലേക്ക് ഇറങ്ങുന്നവര്‍ വീട്ടിലേക്ക് തിരിച്ച്‌ ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുതെന്നും കോടതി വിമര്‍ശിച്ചു. ആലുവ- പെരുമ്പാവൂർ റോഡിലെ കുഴികള്‍ പത്തുദിവസത്തിനകം അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആലുവ- പെരുമ്പാവൂർ റോഡിലെ തകര്‍ച്ച പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സംസ്ഥാനത്ത് തകര്‍ന്നുകിടക്കുന്ന മുഴുവന്‍ പാതകളുടെയും കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റോഡുകളില്‍ കൃത്യമായി അറ്റകുറ്റപ്പണി നടക്കുന്നുണ്ട് എന്ന കാര്യം കലക്ടര്‍മാര്‍ ഉറപ്പുവരുത്തണം. റോഡുപണിയുമായി ബന്ധപ്പെട്ട് തൃശൂര്‍- എറണാകുളം കലക്ടര്‍മാര്‍ക്ക് കോടതി പ്രത്യേക നിര്‍ദേശം നല്‍കി. ആലുവ- പെരുമ്പാവൂർ റോഡിലെ കുഴികള്‍ പത്തുദിവസത്തിനകം അടയ്ക്കാമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കി. ഇത് ഉത്തരവില്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

ആലുവ- പെരുമ്ബാവൂര്‍ റോഡില്‍ കുഴിയില്‍ വീണ് മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് മരിച്ചതാണ് കോടതിയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഭാഗ്യപരീക്ഷണമാണ് നടത്തുന്നത്. റോഡിലേക്ക് ഇറങ്ങുന്നവര്‍ വീട്ടിലേക്ക് തിരിച്ച്‌ ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് സംസ്ഥാന പാതയുടെ ചുമതലയുള്ള സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അടക്കം മൂന്ന് എന്‍ജിനീയര്‍മാരെ കോടതി നേരിട്ട് വിളിച്ചുവരുത്തി.

ആലുവ- പെരുമ്പാവൂർ റോഡ് കിഫ്ബിക്ക് കൈമാറിയ റോഡാണ് എന്നതായിരുന്നു എന്‍ജിനീയര്‍മാരുടെ വിശദീകരണം. കിഫ്ബി വഴി റോഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ കൈമാറിയ റോഡില്‍ അറ്റകുറ്റപ്പണി നടത്തരുതെന്ന് ചീഫ് എന്‍ജിനീയറുടെ നിര്‍ദേശം ഉണ്ടായിരുന്നതായും എന്‍ജിനീയര്‍മാര്‍ ധരിപ്പിച്ചു. മെയ് മാസം മുതല്‍ തന്നെ റോഡ് തകരാന്‍ തുടങ്ങിയെന്നും റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയും ചീഫ് എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതാണെന്നും എന്‍ജിനീയര്‍മാര്‍ കോടതിയെ അറിയിച്ചു.

ഇതോടെ ഉദ്യോഗസ്ഥതല അനാസ്ഥയ്‌ക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കി. ഇത് മരണവാറണ്ട് ഇറക്കുന്നതിന് തുല്യമാണെന്ന് കോടതി വിമര്‍ശിച്ചു. വിശദമായ വാദത്തിനായി കേസ് അടുത്തമാസം ആറിലേക്ക് മാറ്റി.


Previous Post Next Post